എംഎൽഎ ആയി രണ്ടാം വര്‍ഷം അറസ്റ്റ്; എംസി കമറുദ്ദീനെ കൈവിട്ട് മുസ്ലീം ലീഗ്

By Web TeamFirst Published Nov 7, 2020, 4:30 PM IST
Highlights

പിബി അബ്ജുൾറസാഖ് മരിച്ചപ്പോൾ പണച്ചാക്കുകളെ വെട്ടിയാണ് മഞ്ചേശ്വരത്ത് മൽസരിക്കാൻ ലീഗ് കമറുദ്ദിനെ നിയോഗിക്കുന്നത്. അന്ന് കമറുദ്ദിനെ ചൂണ്ടി പലരും പറഞ്ഞു ലീഗിൽ സ്ഥാനാർത്ഥിയാകാൻ വേണ്ട യോഗ്യത വീർത്ത കീശയല്ലെന്ന്..

കാസര്‍കോട്: എംഎൽഎയായി  സ്ഥാനമേറ്റ് രണ്ട് വർഷം പൂർത്തിയാക്കുമ്പോഴാണ് മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തീയതി കൂടി തീരുമാനിച്ചിരിക്കെ എംസി കമറുദ്ദീൻ അറസ്റ്റിലായതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് മുസ്ലീം ലീഗ്. തുടക്കത്തിൽ കമറുദ്ദിനെ സംരക്ഷിക്കാൻ ശ്രമിച്ച ലീഗ് അറസ്റ്റിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ പിൻവാങ്ങുകയായിരുന്നു.

എംഎൽഎ ആയിരുന്ന പിബി അബ്ജുൾറസാഖ് മരിച്ചപ്പോൾ പണച്ചാക്കുകളെ വെട്ടിയാണ് മഞ്ചേശ്വരത്ത്  മൽസരിക്കാൻ ലീഗ് കമറുദ്ദിനെ നിയോഗിക്കുന്നത്. അന്ന് കമറുദ്ദിനെ ചൂണ്ടി പലരും പറഞ്ഞു ലീഗിൽ സ്ഥാനാർത്ഥിയാകാൻ വേണ്ട യോഗ്യത വീർത്ത കീശയല്ലെന്ന്. ജനപ്രതിനിധിയായി ആയി 2 വർഷം തികയുമ്പോൾ കമറുദ്ദിൻ അറസ്റ്റിലായത്  ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ ആണെന്നത്  അന്ന് ആ വാദമുയർത്തിയവരെ അമ്പരപ്പിക്കുമെന്നും ഉറപ്പാണ്. 

കേരളം കൊറോണയിലും സ്വർണക്കടത്ത് കേസിലും എല്ലാം ചുറ്റിത്തിരിയുന്നതിനിടെ ആഗസ്റ്റ് 27നാണ് കമറുദ്ദീനും കൂട്ടാളി പൂക്കോയ തങ്ങൾക്കുമെതിരെ ആദ്യ കേസ് ചന്തേര പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.  കേസുകൾ പിന്നീട് തുരുതുരെ കൂടി. ബിസിനസ്സ് പൊട്ടിയതാണെന്നും സാമ്പത്തികതട്ടിപ്പല്ലെന്നും  എംസി കമറുദ്ദിൻ  പറഞ്ഞത് വിശ്വസിക്കാനാണ് മുസ്ലിം ലീഗ് ആദ്യം ശ്രമിച്ചത്. പ്രശ്നപരിഹാരത്തിന് ജില്ലാ ട്രഷററെ നിയോഗിച്ചെങ്കിലും കമറുദ്ദീനോ കൂടെ ഉള്ളവര്‍ക്കോ ആസ്തി  വിറ്റ് കടം വീട്ടാൻ  ആവില്ലെന്ന്  വ്യക്തമായതോടെ ലീഗ് നേതൃത്വം പിൻവലിഞ്ഞു. 

ആദ്യം ഇഴഞ്ഞ് നീങ്ങിയ അന്വേഷണം പതിയെ ഊർജ്ജിതമായതോടെ കമറുദ്ദീനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയമായി പരിക്കേൽപ്പിക്കുമെന്ന് ലീഗ് തിരിച്ചറിഞ്ഞു.സ്ഥലം  എംപി രാജ്മോഹൻ ഉണ്ണിത്താനടക്കം തുടക്കത്തിലേ ലീഗിനെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ രാജിവെപ്പിക്കാൻ ലീഗ് ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു, 

 ഇടതുപക്ഷം സ്വർണക്കടത്ത്, അഴിമതി ക്കേസുകളിൽ പെട്ട് കുരുക്കിലായിരിക്കുമ്പോഴാണ് കമറുദ്ദീനും സ്വർണത്തട്ടിപ്പ് കേസിൽ പെട്ട് വീണത്. ഇടത് പക്ഷത്തിന് ഓർക്കാപ്പുറത്ത് വീണ് കിട്ടിയ  ആയുധം കൂടിയാണ് ജ്വല്ലറിത്തട്ടിപ്പ് കേസ്.  വെറും സിവിൽകേസാണെന്ന കമറുദ്ദീന്റെ വാദത്തെ മറികടന്ന് അവർ  ആ ആയുധം നന്നായി പ്രയോഗിച്ചു. ഇബ്രാഹിം കുഞ്ഞിന് പിന്നാലെ കമറുദ്ദിനും കേസിൽ പെട്ടത്  പല സാമ്പത്തികക്രമക്കേട് കേസുകളിലും പഴി കേട്ട  മുസ്ലിം ലീഗിന് കടുത്ത തലവേദനയും പ്രതിഛായ നഷ്ടവുമാണുണ്ടാക്കിയിരിക്കുന്നത്
 

click me!