രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ

Published : Dec 06, 2025, 01:11 PM IST
Rahul Mankootathil's Clever escape

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 10 ദിവസം ഒളിവിൽ കഴിഞ്ഞത് അതിവിദഗ്ധമായെന്ന് വിവരം. പൊലീസിന്‍റെ കണ്ണു വെട്ടിക്കാൻ പല വഴികളാണ് എംഎൽഎ തേടിയത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 10 ദിവസം ഒളിവിൽ കഴിഞ്ഞത് അതിവിദഗ്ധമായെന്ന് വിവരം. പൊലീസിന്‍റെ കണ്ണു വെട്ടിക്കാൻ പല വഴികളാണ് എംഎൽഎ തേടിയത്. ഓരോ പോയിന്‍റിലും രാഹുലിന് സഹായമെത്തിക്കാൻ നിരവധി പേരെത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നിൽ എത്തിയ ഉടൻ രാഹുൽ മാങ്കൂടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് അതിവിഭഗ്ധമായാണ്. സിസിടിവി ക്യാമറകൾ ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര . സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക്. അവിടെ നിന്ന് തമിഴ്നാട് - കർണാടക അതിർത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോർട്ടിൽ ഞായറാഴ്ച മുതൽ ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്ക് ഒളിയിടം മാറ്റുന്നു. എന്നാൽ പൊലീസ് എത്തുന്ന വിവരമറിഞ്ഞ് നേരെ ബംഗളൂരുവിലേക്ക് കടന്നു. തൊട്ടു തൊട്ടില്ലെന്ന മട്ടിൽ പലവട്ടം അന്വേഷണ സംഘം രാഹുലിന് സമീപമെത്തി. ഒളിവ് ജീവിതത്തിനിടെ രാഹുൽ കാറുകളും മൊബൈൽ നമ്പറുകളും മാറ്റിയത് നിരവധി തവണയാണ്.

ഓരോ ഒളിയിടത്തിലും കഴിഞ്ഞത് മണിക്കൂറുകൾ മാത്രമാണ്. കർണാടകത്തിൽ രാഹുലിന് സംരക്ഷണമൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ള ഒരു വനിത അഭിഭാഷകയാണെന്നാണ് വിവരം. ഇവർക്ക് പൊലീസിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷേ തള്ളിയാൽ രാഹുൽ കീഴടങ്ങുമെന്നും അതിന് മുമ്പേ അറസ്റ്റ് ചെയ്യാനുമായിരുന്നു പൊലീസിന്‍റെ നീക്കം. ജാമ്യാപേക്ഷയിൽ തീരുമാനം വന്നതോടെ രാഹുലിന്‍റെ മൊബൈൽ ഫോണുകൾ ഓണായി. കീഴടങ്ങില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം എംഎൽഎ ഓഫീസിലെ രണ്ട് അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കും പേഴ്സണൽ അസിസ്റ്റന്‍റിനുമൊപ്പമാണ് രാഹുൽ പാലക്കാട് വിട്ടിരുന്നത്. എന്നാൽ അവരിൽ നിന്നും കൂടുതൽ വിവരം ലഭിച്ചില്ല. ഹൈകോടതി അറസ്റ്റ് താത്കാലികമായി തടഞ്ഞതോടെ എംഎൽഎയുടെ ഓഫീസിലും ആശ്വാസമാണ്. കഴിഞ്ഞ 10 ദിവസമായി എംഎൽഎ ഓഫീസിലെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുൽ ഇനിയും എംഎൽഎ സ്ഥാനത്ത് തുടരുമോ? അതോ ധാർമികത ഉയർത്തി പിടിച്ച് രാജിവെക്കുമോ എന്നതാണ് നിലവിലെ ചർച്ചകളിലൊന്ന്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ മോഷണം പോയി; സംഭവം പാലക്കാട്
'മലപ്പുറത്തെ ഇടതുപക്ഷ പ്രവർത്തകർക്ക് ഏറെ പണിയുണ്ടാക്കരുത്', സജി ചെറിയാനെതിരെ വിമർശനവുമായി നാഷണല്‍ ലീഗ്