
തിരുവനന്തപുരം: ചിറ്റൂർ മൂലത്തറയിലുണ്ടായ അതിക്രൂരമായ ആൾക്കൂട്ട കൊലപാതകം നിയമസഭയിൽ ഉന്നയിച്ച് എംഎൽഎ സുമേഷ് അച്യുതൻ. ഉത്തരേന്ത്യൻ മോഡലിൽ നടന്ന ക്രൂരമായ ആക്രമണമാണിതെന്നും, കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരത്തിൽ അമ്പതിലധികം മുറിവുകളുണ്ടായിരുന്നുവെന്നും സുമേഷ് അച്യുതൻ എംഎൽഎ പറഞ്ഞു. കേസിൽ പോലീസിന്റെ ഭാഗത്തുനിന്ന് സമയോചിതമായ ഇടപെടലുണ്ടായെന്നും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറുപടി നൽകിയ ആഭ്യന്തര മന്ത്രി, അട്ടപ്പാടിയിലെ മധുവിന്റെ നിസ്സഹായമായ മുഖമാണ് ഈ സംഭവം ഓർമ്മിപ്പിച്ചതെന്ന് സഭയിൽ പറഞ്ഞു. മധുവിന്റെ അനുഭവം അവസാനത്തേതാകുമെന്ന് കരുതിയെങ്കിലും സമാനമായ ദാരുണ സംഭവം വീണ്ടും ആവർത്തിച്ചു. ആരോരുമില്ലാതെ ആ കുടുംബം വേദന കടിച്ചമർത്തി ജീവിക്കുന്ന സാഹചര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേസിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൊല്ലപ്പെട്ടയാൾ നഗ്നതാ പ്രദർശനം നടത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും തെറ്റ് ചെയ്താൽ നടപടിയെടുക്കാൻ പോലീസ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മൂലത്തറയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട 40-കാരനായ ഭിക്ഷാടകനെ ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാളെ കണ്ടെത്താനും വിവരങ്ങൾ ശേഖരിക്കാനുമായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ചിറ്റൂർ മീനാക്ഷിപുരം പോലീസ് സംഘം തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പൊള്ളാച്ചി, ആനമല പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam