
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ പ്രസ്താവനകളിൽ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ ആയിരുന്നു പ്രതികരണം.
കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽത്തന്നെ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ട് ഒരു പിബി അംഗം പരസ്യ നിലപാടെടുക്കുന്നത് ശരിയാണോ എന്ന് ആ പാർട്ടിയുടെ നേതൃത്വം തീരുമാനിക്കട്ടെ. കോടാലിക്കൈ എന്നും വർഗവഞ്ചകൻ എന്നും വിളിക്കുകയല്ലാതെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി പിണറായിയോ കണ്ണൂർ ജില്ലാ നേതൃത്വമോ നൽകുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളി എന്നതാണ്. അത് നിഷേധിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇപ്പോൾ പിബി അംഗം തന്നെ പരസ്യമായി സ്വീകരിക്കുന്നത്. ഇത് ശരിയാണോ എന്ന് നേതൃത്വവും അണികളും പരിശോധിക്കണം. എല്ലാവരെയും എല്ലാ കാലത്തേക്കും തെറ്റിദ്ധരിപ്പിക്കാനാകില്ല. 50,000ത്തോളം ഭൂരിപക്ഷം നേടി വിജയിച്ച സ്ഥാനാർഥിയെ അതും മറികടന്ന് ഏഴായിരത്തിൽപ്പരം വോട്ടിനാണ് താൻ ജയിച്ചത്. പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്നത് കൂടിയാണ് ഇത്തരത്തിലൊരു നിലപാട്. പിണറായിക്ക് എതിരെ ഉയർന്ന് വന്ന ആക്ഷേപങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്താനാകുന്ന എന്തെങ്കിലും വിശദീകരണം അദ്ദേഹത്തിന് നൽകാനാകുന്നുണ്ടോ? എന്നെ കോടാലിക്കൈ എന്നും വർഗവഞ്ചകൻ എന്നും വിളിക്കുകയല്ലാതെ വസ്തുതാപരമായി എന്തെങ്കിലും പറയാൻ പാർട്ടിക്ക് കഴിയുന്നുണ്ടോ? പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയത് മുതൽ തനിക്ക് നേരെ അക്രമം നടക്കുന്നുണ്ട്. ഇത് എല്ലാക്കാലത്തും വിലപ്പോകില്ല. ആര് ആരെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനത്തിന് ഒരു നിലപാടുണ്ട്. അക്രമഭീഷണി കൊണ്ടൊന്നും ഇത്തരം നിലപാടുകളിൽ നിന്ന് ഒളിച്ചോടാൻ തയ്യാറല്ലെന്നും കുഞ്ഞികൃഷ്ണൻ ന്യൂസ് അവറിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam