എംഎല്‍എമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കി; കര്‍ട്ടന്‍ മാറ്റാതെ മന്ത്രി കൃഷ്ണന്‍കുട്ടി

By Web TeamFirst Published Jan 19, 2021, 10:28 AM IST
Highlights

സാധാരണക്കാർക്ക് വൻതുക പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ സ്ക്രീനിനെ വകവെക്കാതെ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും കൂളിങ് സ്റ്റിക്കറുകൾ മാറ്റാതെയും കർട്ടനുകളിട്ടും വാഹനങ്ങളിലെത്തുന്നത് ചര്‍ച്ചയായിരുന്നു.

തിരുവനന്തപുരം: നിയമലംഘനം ചർച്ചയായതിനെ തുടർന്ന് കാറുകളിലെ കൂളിങ് ഫിലിമും കർട്ടനുകളും മാറ്റി മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും. ടൂറിസം വകുപ്പിന് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതോടെയാണ് നടപടി.  ഇന്നലെ കർട്ടനുകളിട്ട് എത്തിയ മന്ത്രി വി എസ് സുനിൽകുമാർ, കെ രാജു അടക്കം ഭൂരിഭാഗം പേരും കർട്ടൻ നീക്കിയപ്പോൾ മന്ത്രി കൃഷ്ണൻ കുട്ടിയുടെ മൂന്നാം നമ്പർ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഇന്നും കർട്ടൻ നീക്കിയില്ല.

ധനമന്ത്രി തോമസ് ഐസക്, എം എം മണി, വി എസ് സുനിൽ കുമാർ, കെ രാജു എന്നിവരൊക്കെ കർട്ടനുകൾ നീക്കി.  പ്രതിപക്ഷ നേതാവും വാഹനത്തിൽ നിന്ന് കർട്ടൻ മാറ്റി. മുഖ്യമന്ത്രിയുടെ വാഹനത്തിന് ഇളവുള്ളതിനാൽ ഓട്ടം കർട്ടനോടെയാണ്. മിക്ക  എംഎൽഎമാരുടെ വാഹനങ്ങളിലും കർട്ടനുകളും കൂളിങ് ഫിലിമും നീക്കി. എന്നാൽ മന്ത്രി കൃഷ്ണൻ കുട്ടിയുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് കർട്ടൻ നീക്കുന്നതിന് പകരം വശങ്ങളിലേക്ക് നീക്കിവെക്കുക മാത്രമാണ് ചെയ്തത്. 

പിറകിലെ ഗ്ലാസിലാണെങ്കിലും ഇത് നിയമലംഘനമാണെന്ന് മോട്ടോർവാഹന വകുപ്പ്  പറയുന്നു. സർക്കാർ വാഹനങ്ങളിലും മിക്കവരും കൂളിങ് ഫിലിമുകൾ നീക്കിയപ്പോൾ നീക്കാത്തവരുമുണ്ട്.  പിന്നോക്ക സമുദായ ക്ഷേമ വകുപ്പിന്‍റെ വാഹനം ഉദാഹരണമാണ്. കാഴ്ച്ച മറയ്ക്കുന്ന കൂളിങ് ഫിലിം സഹിതമാണ് വാഹനം.  സാധാരണക്കാർക്കെതിരെ നടപടികൾ കർശനമാക്കി പിഴയിടാക്കുകയും, രജിസ്ട്രേഷൻ റദ്ദാക്കുകയും വരെ ചെയ്യുമ്പോൾ മന്ത്രിമാർ തന്നെ നിയമലംഘനം നടത്തുന്നത് ഇന്നലെ വലിയ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് മോട്ടോർവാഹന വകുപ്പ് തന്നെ ഇടപെട്ടതോടെയാണ് ടൂറിസം വകുപ്പ് മന്ത്രിമാരുടെ വാഹനങ്ങളിൽ നിന്ന് കർട്ടനുകളും കൂളിങ് ഫിലിമുകളും നീക്കിയത്. 

click me!