
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. സംഘടനാ ദൗർബല്യം മാറ്റാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസൻ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ കെപിസിസി സംഘടിപ്പിക്കുന്ന എൻ്റെ ബൂത്ത് എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം.എം.ഹസ്സൻ.
കോൺഗ്രസിൽ എല്ലാവരും നേതാക്കളാണ്. എന്നാൽ നേതാക്കൾ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലർത്തിയില്ല. യുഡിഎഫിന്റെ ജനകീയ അടിത്തറ ഇതുവരെ തകർന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്തുമുന്നണിയും ബിജെപിയും വർഗീയ ധ്രുവീകരണം നടത്തിയാണ് വോട്ടു പിടിച്ചത്.
കേരളം സർക്കാരിൻ്റെ അഴിമതിക്കെതിരെ രംഗത്തു വരും. സോളാർ കേസുകൾ സിബിഐക്ക് വിട്ടതിലൂടെ മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ഉള്ള രഹസ്യ ബന്ധത്തിന്റെ അന്തർധാര വ്യക്തമാക്കുന്നുണ്ട്. ഈ സർക്കാരിൻ്റെ കാലാവധി കഴിയുമ്പോൾ പിണറായി ജയിലിൽ പോകേണ്ടി വരും എന്നറിയുന്നത് കൊണ്ടാണ് ഈ നീക്കം.
പിടികിട്ടാ പുള്ളി ആയ പ്രതിയെ ഓഫീസിൽ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിക്കുകയായിരുന്നു. ജനകീയ കോടതിക്ക് മുന്നിലേക്കാണ് യുഡിഎഫ് പോവുന്നത്. സോളാർ കേസിൽ നിയമനടപടിക്ക് പാർട്ടിയില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തും. പിണറായിയുടെ തുടർഭരണം എന്ന സ്വപ്നം മലർ പൊടിക്കാരൻ്റെ ദിവാസ്വപ്നമായി അവശേഷിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam