
തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എം എം മണി. പക്ഷേ കൃത്യമായി അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് ചെയ്യു. അതാണ് സി പി എം നിലപാട്. അന്വേഷിക്കാതെ വേണമെങ്കിൽ കോൺഗ്രസുകാരെ ജയിലിടാമായിരുന്നു. അത് പക്ഷേ ഇപ്പോഴത്തെ സർക്കാർ ചെയ്യില്ല. കൃത്യമായ നിലപാട് ഉള്ള ആളാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെന്നും എം എം മണി പറഞ്ഞു. എ കെ ജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു എം എം മണി
നിരപരാധികളെ പിടിച്ച് ജയിലിലിടുന്ന ശീലം ഇടത് സർക്കാരിന് ഇല്ല. ആക്രമണത്തിൽ കോൺഗ്രസുകാരെ ന്യായമായും സംശയമുണ്ട്. കെപിസിസി പ്രസിഡന്‍റ് തന്നെ പറഞ്ഞിട്ടുണ്ട് എകെജി സെന്‍റർ ആക്രമിക്കുമെന്ന് , അതുകൊണ്ട് സംശയമുണ്ട്. പക്ഷെ ഊഹം വച്ച് പ്രതിയെ ഉണ്ടാക്കില്ല, അത് സിപിഎമ്മീന്റെ ശീലം അല്ല. കെ സുധാകരൻ വന്ന ശേഷമാണ് നിയമം കയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടായത്. നീതി ബോധമുള്ള കോൺഗ്രസുകാർക്ക് ഇത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചിട്ട് ഖേദം പ്രകടിപ്പിക്കാനുള്ള സാമാന്യ മര്യാദ പോലും കോൺഗ്രസ് നേതാക്കൾ കാണിച്ചില്ല.
ആവശ്യമുള്ളപ്പോൾ ഗാന്ധി ശിഷ്യരാവും . അല്ലാത്തപ്പോഴില്ല, നിങ്ങൾ ഇപ്പോൾ അങ്ങനെ സമാധാനത്തിന്‍റെ അപ്പോസ്തലൻമാരാകണ്ടെന്നും എം എം മണി പറഞ്ഞു. എന്‍റെ പേരിൽ എന്തിനാ കേസ് എടുത്തത് ? തിരുവഞ്ചൂരായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ശ്രീകൃഷ്ണന്‍റെ നിറമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്‍റെ സുഹൃത്ത് കൂടിയാണ്. തിരുവഞ്ചൂരിന്‍റെ കയ്യിലിരിപ്പും ശ്രീകൃഷ്ണന്‍റേത് പോലെ തന്നെ. പാതിരാത്രി വീട് വളഞ്ഞ് തന്നെ അറസ്റ്റ് ചെയ്തു. കോടതി പറഞ്ഞു തെളിവില്ലെന്ന്. ഇതൊന്നും താൻ മറക്കില്ല. എന്നിട്ട് തൻറെ നാട്ടിൽ വന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിച്ചു. ഒരു ശല്യക്കാരനെ ഞങ്ങൾ ഒഴിവാക്കിയെന്ന്. തന്‍റെ നാട്ടിൽ നിന്ന് , അതും ഇടുക്കിയിൽ നിന്ന് തന്നെ മാറ്റാമെന്ന് , നടന്നതു തന്നെ - എം എം മണി പരിഹസിച്ചു.
കോഴികട്ടവന്‍റെ തലയിൽ പപ്പു തപ്പി നോക്കും പോലെയാണ് വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയമെന്നും എം എം മണി പറഞ്ഞു. രാഷ്ട്രീയം പറയാം, പക്ഷെ വീട്ടിലുള്ളവരെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് അമ്മയും പെങ്ങളും എല്ലാം എല്ലാവർക്കും ഉണ്ടെന്ന് ഓർക്കണം. എംഎം മണി പറഞ്ഞു. സെമി കേഡർ എന്നാണ് സുധാകരൻ പറയുന്നത്, ഒരു സെമിയും സുധാകരന് അറിഞ്ഞു കൂടെന്നും എം എം മണി പറഞ്ഞു.
ഇതിനിടെ പോയിന്റ് ഓഫ് ഓഡറുമായി പ്രതിപക്ഷം രംഗത്തെത്തി. കെപിസിസി അധ്യക്ഷനെ കുറിച്ച് പറഞ്ഞ അടിസ്ഥാന രഹിത ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരിന്നു സപീക്കറുടെ മറുപടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam