കടുത്ത ജലക്ഷാമം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വന്നേക്കും

By Web TeamFirst Published Jul 2, 2019, 1:43 PM IST
Highlights

ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എം എം മണി.

കൊച്ചി: സംസ്ഥാനത്തെ സംഭരണികളിൽ ജലക്ഷാമമുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും എം എം മണി കൊച്ചിയില്‍ പറഞ്ഞു. കൂടംകുളം വൈദ്യുതി ലൈന്‍ പൂർണ്ണമായിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണ മഴ കുറഞ്ഞത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കുമെന്ന് എം എം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഡാമുകളിൽ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒന്നര ആഴ്ചത്തെ ഉപയോഗത്തിനുള്ള ജലം മാത്രമേ ഇപ്പോൾ ഡാമുകളിൽ ബാക്കിയുള്ളൂ എന്നാണ് നിയമസഭയിലാണ് കെ കൃഷ്ണൻകുട്ടി അറിയിച്ചത്.

ഇതിനിടെ അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ മഴയുടെ ശക്തി കുറഞ്ഞു.  ഇക്കുറി സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ പെയ്തത് വയനാട്ടിലാണ്.  55 ശതമാനത്തിന്റെ കുറവാണ് വയനാട് ജില്ലയിൽ മാത്രമുണ്ടായത്. ഇടുക്കിയിൽ 48 ശതമാനവും കാസർഗോഡ് 44 ശതമാനവും മഴ കുറഞ്ഞു. തൃശൂരിൽ 40ഉം പത്തനംതിട്ടയിലും മലപ്പുറത്തും 38 ശതമാനവുമാണ് മഴക്കുറവ്. 

click me!