പാർട്ടി പിളർന്നു; പിളര്‍ന്നവരുടെ കൂടെ ആളില്ല; ചെയർമാനെ തെരഞ്ഞെടുത്തത് ആൾക്കൂട്ടം: പി ജെ ജോസഫ്

By Web TeamFirst Published Jun 16, 2019, 5:27 PM IST
Highlights

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പി ജെ ജോസഫ്

കോട്ടയം: പാര്‍ട്ടി പിളര്‍ന്നെന്ന് പി ജെ ജോസഫ്. പിളര്‍ന്നവരുടെ കൂടെ ആളില്ലെന്ന് തെളിഞ്ഞെന്ന് പി ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് ചേർന്ന യോഗം പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണ് പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും പി ജെ ജോസഫ് പറഞ്ഞു. യോഗതീരുമാനങ്ങൾ നിലനിൽക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. അതിനെ അംഗീകരിക്കാനാവില്ല. ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 

കോട്ടയത്ത് ചേര്‍ന്ന ബന്ദല്‍ സംസ്ഥാന സമിതി യോഗമാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത്. സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലം പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. ഇതോടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ നീണ്ട നിയമപോരാട്ടം തന്നെയാവും ഇനി നടക്കുക.  സി എഫ് തോമസ് അടക്കം മുതിർന്ന നേതാക്കളും ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. 

പിജെ ജോസഫിനെ കൂടാതെ മോന്‍സ് ജോസഫ്, സിഎഫ് തോമസ്, സി തോമസ് എന്നീ എംഎല്‍എമാരും പിജെ ജോസഫിനൊപ്പം നില്‍ക്കുകയാണ് ജോസ് കെ മാണിക്കൊപ്പം മറുവശത്ത് റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എംഎല്‍എമാരാണുളളത്.  അതേസമയം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫ് വിഭാഗത്തോട് ഒപ്പമാണ്. കോട്ടയത്ത് ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതിയോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്‍റുമാര്‍ പങ്കെടുത്തിട്ടുണ്ട്. നാല് ജില്ലാ അധ്യക്ഷന്‍മാര്‍ വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തിരുവനന്തപുരം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്. 

click me!