Ansi kabeer : മോഡലുകളുടെ അപകട മരണം; ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ ഉപയോഗിച്ച ഇന്നോവ കാർ കസ്റ്റഡിയിൽ എടുത്തു

By Web TeamFirst Published Nov 23, 2021, 10:30 PM IST
Highlights

കാർ ആരുടെ പേരിലാണ്  രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഹാര്‍ഡ് ഡിസ്ക്കിനായി പൊലീസിന്‍റെ ആവശ്യപ്രകാരം കണ്ണങ്കാട് പാലത്തിനു സമീപം കായലിൽ കോസ്റ്റുഗാർഡ് തെരച്ചിൽ നടത്തയിരുന്നു. 

കൊച്ചി: മോഡലുകളുടെ അപകട മരണവുമായി (models death) ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ ഉപയോഗിച്ച ഇന്നോവ കാർ കസ്റ്റഡിയിൽ എടുത്തു. അപകടം നടന്ന അന്ന് പുലർച്ചെയാണ് ഹാർഡ് ഡിസ്ക്  ഉപേക്ഷിച്ചത്. മൂന്നും നാലും പ്രതികളായ വിഷ്ണു കുമാർ, മെൽവിൻ എന്നിവരാണ് കാർ ഉപയോഗിച്ചത്. നമ്പർ18 ഹോട്ടലിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കാറാണിത്. കാർ ആരുടെ പേരിലാണ്  രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഹാര്‍ഡ് ഡിസ്ക്കിനായി പൊലീസിന്‍റെ ആവശ്യപ്രകാരം കണ്ണങ്കാട് പാലത്തിനു സമീപം കായലിൽ കോസ്റ്റുഗാർഡ് തെരച്ചിൽ നടത്തയിരുന്നു. 

അതേസമയം കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ലഹരി മരുന്ന് പാർട്ടി നടന്നോയെന്ന് എക്സൈസ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയിലെ അപകടത്തിന് മുമ്പ് മുൻ മിസ് കേരള അടക്കമുളളവർ പങ്കെടുത്ത ‍ഡിജെ പാ‍ർ‍ട്ടിയെപ്പറ്റി  പൊലീസ് എക്സൈസിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഹോട്ടലിനെതിരെ മുമ്പും പരാതികിട്ടിയിട്ടുണ്ടെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമെ ആരെല്ലാം പങ്കെടുത്തു എന്നതിൽ വ്യക്തത വരൂ. 

അപകടത്തിൽപ്പെട്ട കാറിനെപ്പിന്തുടർന്ന സൈജുവിനെ നിലവിൽ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഒളിവിൽപ്പോയ സൈജുവിനായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അൻസി കബീറും അഞ്ജനാ ഷാജനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടന്ന സൈജു തങ്കച്ചന്റെ മുൻകൂ‍ർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് ഇയാളെ നിലവിൽ പ്രതിചേർത്തിട്ടില്ലെന്ന കാര്യം സർക്കാർ അറിയിച്ചത്. ഇതേത്തുടർന്ന് ഹർജി തീ‍ർപ്പാക്കി. എന്നാൽ സൈജു തങ്കച്ചനേയും അപകടത്തിൽപ്പെട്ട വാഹനമോടിച്ച അബ്ദുൾ റഹ്മാനെയും  ഒരുമിച്ചുരിത്തി ചോദ്യം ചെയ്യാനാണ് ശ്രമമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

click me!