
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. മതിയായ സുരക്ഷ ഒരുക്കാതെ യന്ത്രം സൂക്ഷിച്ചതാണ് വിനയായത്. സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത്. 2021 മാർച്ച് മൂന്നിനാണ് സംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. അതേ വർഷം ഒക്ടോബർ 21നാണ് എലികടിച്ച് എക്സറേ യൂണിറ്റ് കേടായ വിവരം ചുമതലക്കാരൻ സൂപ്രണ്ടിനെ അറിയിക്കുന്നത്.
ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ല. അതിനു മുമ്പെ യന്ത്രത്തിന് കേടുപറ്റി. അധികൃതരുടെ അലംഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുറ്റപ്പെടുത്തൽ. ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം ഉപകരണത്തിൻ്റെ സംരക്ഷണ ഉത്തരവാദിത്തം ആശുപത്രിക്കാണ്. അതിലാകട്ടെ വീഴ്ച പറ്റി. പരാതി ഉയർന്നതോടെ, ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഈ റിപ്പോർട്ടിലാണ് എലി കടിച്ച് നശിപ്പിച്ച വിവരം അറിയിച്ചത്. അതേസമയം, അധികൃതരുടെ വീഴ്ചയെ കുറിച്ച് മിണ്ടാട്ടമില്ല.
എലി കരണ്ട ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപ ചിലവഴിക്കേണ്ട സാഹചര്യമാണ് നിലവിൽ. നൂറ് കണക്കിന് എക്സറേ കേസുകൾ ദിനേനെ എത്തുന്ന ആശുപത്രിയിൽ പ്രവർത്തന സജ്ജമായ രണ്ട് എക്സറേ യൂണിറ്റുകളാണ് ഉള്ളത്. അപ്പോഴാണ് രോഗികൾ ഉള്ളിടത്തേക്ക് കൊണ്ടുപോകാൻ പറ്റുന്ന അത്യാധുനിക യന്ത്രം അശ്രദ്ധമൂലം നശിച്ചുപോയത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam