കൊടകര സംഭവത്തിൽ പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി, വിവരങ്ങൾ ശേഖരിച്ച് അമിത് ഷാ

Published : Jun 07, 2021, 09:18 AM IST
കൊടകര സംഭവത്തിൽ പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി, വിവരങ്ങൾ ശേഖരിച്ച് അമിത് ഷാ

Synopsis

ഒരു സീറ്റ് പോലും കിട്ടാത്ത കേരളം പോലൊരു സംസ്ഥാനത്തെ പാർട്ടി ഘടകവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.

ദില്ലി: കൊടകര കുഴൽപ്പണ കേസ് അടക്കമുള്ള വിവാദങ്ങളിൽ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി പഠിച്ച മൂന്ന് പേരുടെ റിപ്പോർട്ടുകളും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഫണ്ട് കൈകാര്യം ചെയ്തതിലെ പാളിച്ചകൾ അടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിർദേശ പ്രകാരം ഇ.ശ്രീധരൻ, സിവി ആനന്ദബോസ്, തോമസ് ജേക്കബ് എന്നിവരാണ് റിപ്പോർട്ടുകൾ തയ്യാറാക്കി കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചത്. 

ഒരു സീറ്റ് പോലും കിട്ടാത്ത കേരളം പോലൊരു സംസ്ഥാനത്തെ പാർട്ടി ഘടകവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ദേശീയതലത്തിലടക്കം കേരളത്തിലെ വിവാദങ്ങൾ ഇപ്പോൾ ചർച്ചയാണ്. ഇത്രയും പണം എങ്ങനെ കേരളത്തിലേക്ക് ഒഴുകി എങ്ങനെ ഇതെല്ലാം കൈകാര്യം ചെയ്തു എന്നതൊക്കെ മാധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട്. പാർട്ടിക്ക് തന്നെ കേരളത്തിലെ സംഭവങ്ങൾ വലിയ തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കൊപ്പം നിൽക്കുന്ന സിവി ആനന്ദബോസ്, ജേക്കബ് തോമസ്, ഇ ശ്രീധരൻ എന്നിവരോട് എന്താണ് കേരളത്തിൽ നടന്നതെന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു. അമിത് ഷാ ഇവരിൽ ചിലരെ നേരിട്ട് വിളിച്ച് എന്താണ് സംഭവിച്ചതെന്ന് കാര്യം അന്വേഷിച്ചറിയുകയും ചെയ്തു. 

മൂന്ന് പേരുടേയും റിപ്പോർട്ടുകൾ ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ പരിഗണനയിലാണ്. പാർട്ടി സംസ്ഥാന നേതൃത്വം പൂർണപരാജയമാണെന്ന തലത്തിലാണ് മൂന്ന് റിപ്പോർട്ടുകളും കേന്ദ്രത്തിലേക്ക് എത്തിയതെന്നാണ് സൂചന. സംസ്ഥാനത്തെ ചില സീറ്റുകളിൽ പാർട്ടിക്ക് ജയസാധ്യതയുണ്ടായിരുന്നുവെന്നും അവിടെ ജയിക്കാൻ ശ്രമിക്കുന്നതിന് പകരം പാർട്ടിയിലെ പടലപ്പിണക്കളാണ് ജനശ്രദ്ധ നേടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന നേതൃത്വം അവഗണിക്കുകയും ഒതുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ചില നേതാക്കൾ പരാതിപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. 

ഐക്യത്തോടെയല്ല ബിജെപി കേരളത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചില സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളും ആശയക്കുഴപ്പവും പാർട്ടിക്ക് തിരിച്ചടിയായി. ഇ.ശ്രീധരനടക്കമുള്ളവർ മത്സരരംഗത്തേക്ക് വന്നെങ്കിലും പാർട്ടിയുടെ പൂർണ പിന്തുണ ഇവർക്ക് ലഭിച്ചില്ല. തെരഞ്ഞെടുപ്പിൻ്റെ അന്തിമഘട്ടത്തിൽ പലയിടത്തും സ്ഥാനാർത്ഥികൾ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്ക് വലിയ രീതിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയപ്പോൾ പലർക്കും ആ ഫണ്ട് എത്തിയില്ലെന്ന പരാതിയും ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ