അഫ്​ഗാനിലെ സാഹചര്യം തീവ്രവാദമുയർത്തുന്ന ഭീഷണിക്ക് ഉദാഹരണം: ഷാങ്ഹായ് ഉച്ചക്കോടിയിൽ മോദി

By Web TeamFirst Published Sep 17, 2021, 3:20 PM IST
Highlights

മേഖലയിൽ സുരക്ഷയും ശാന്തിയും വിശ്വാസരാഹിത്യവും വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാന കാരണം വളർന്നു വരുന്ന മൗലികവാദം ആണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ഇത് തെളിയിക്കുന്നു - മോദി പറഞ്ഞു. 

​ദില്ലി: മൗലികവാദവും തീവ്രവാദവും മധ്യേഷയ്ക്കുയർത്തുന്ന ഭീഷണിക്ക് ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് നരേന്ദ്ര മോദിയുടെ ഈ പരാമർശം. ഇതിനിടെ അതിർ‍ത്തി തർക്കം നീളുന്നത് ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയെ അറിയിച്ചു.

 മേഖലയിൽ സുരക്ഷയും ശാന്തിയും വിശ്വാസരാഹിത്യവും വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാന കാരണം വളർന്നു വരുന്ന മൗലികവാദം ആണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ഇത് തെളിയിക്കുന്നു - മോദി പറഞ്ഞു.  പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ സാന്നിധ്യത്തിലാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗലികവാദത്തിനെതിരെ ആഞ്ഞടിച്ചത്.

മധ്യേഷ്യയിലെ പുരോഗമന മൂല്യങ്ങളും സഹിഷ്ണുതയും വീണ്ടെടുക്കണം. യുവാക്കളെ മൗലികവാദത്തിലേക്ക് തിരിക്കാതെ ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തണം. മേഖലയുടെ സാമ്പത്തിക പുരോഗതിയെ മൗലികവാദവും തീവ്രവാദവും ബാധിച്ചു എന്നും മോദി ആഞ്ഞടിച്ചു. രാജ്യങ്ങളെ തമ്മിൽ ചേർക്കുന്ന പദ്ധതികൾ അഖണ്ഡതയെ ബാധിക്കരുതെന്ന് വ്യക്തമാക്കിയ മോദി ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെ പരോക്ഷ വിമർശനം ഉയർത്തി. 

ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയെ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ തർക്കം നീട്ടിക്കൊണ്ടു പോകുന്നത് രണ്ടു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ കാര്യമായി ബാധിക്കുമെന്നും പാകിസ്ഥാനുമായുളള ബന്ധത്തിനറെ കണ്ണിലൂടെ ഇന്ത്യയുമായുള്ള സഹകരണത്തെ കാണരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രിയോട് ചർച്ചയിൽ എസ്.ജയശങ്കർ വ്യക്തമാക്കി.സംസ്ക്കാരങ്ങൾക്കിടയിലെ ഏറ്റുമുട്ടലിൽ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എസ് ജയശങ്കർ ചർച്ചയിൽ തുറന്നടിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!