
തിരുവനന്തപുരം: മോദി സ്തുതി ആരോപണത്തിൽ ശശി തരൂരിനെതിരെ കെപിസിസി തുടർ നടപടിക്കില്ല. തരൂരിന്‍റെ വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.പ്രശ്നത്തിൽ കൂടുതൽ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് പാർട്ടി നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ തരൂരിനെ പിന്തുണച്ച് എം കെ മുനീർ രംഗത്തെത്തി.
ഒരാഴ്ചയിലേറെയായി കോൺഗ്രസ്സിൽ കത്തിനിന്ന മോദി സ്തുതി വിവാദത്തിന് തിരിശ്ശീലയിടാനാണ് കെപിസിസി തീരുമാനം. പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ പോര് തുടരുന്നത് എതിരാളികൾ ആയുധമാക്കുമെന്ന് കണ്ടാണ് പിൻവാങ്ങൽ. പ്രശ്നത്തിൽ ഇനി പരസ്യപ്രസ്താവനകൾ വേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേതാക്കൾക്ക് നിർദ്ദേശം നൽകി. മോദി വിമർശനങ്ങളുടെ കണക്ക് നിരത്തിയുള്ള തരൂരിന്‍റെ വിശദീകരണം കെപിസിസിയെ പ്രതിരോധത്തിലാക്കിയിരുന്നു.
തരൂരിനെ വൈരാഗ്യബുദ്ധിയോടെ ചില നേതാക്കൾ നേരിട്ടെന്ന അഭിപ്രായവും പാർട്ടിയിലെ ചിലർക്കുണ്ട്. കെ മുരളീധരന്‍റെതടക്കമുള്ള പ്രതികരണങ്ങൾ പ്രശ്നം വഷളാക്കിയെന്നാണ് ഒരു വിഭാഗത്തിന്‍റെ ചിന്ത. ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് യുഡിഎഫിനെ തുണയായ ഒരു ഘടകം ന്യൂനപക്ഷവോട്ട് ഏകീകരണമായിരുന്നു. മോദി സ്തുതി വിവാദം ന്യൂനപക്ഷങ്ങളെ അകറ്റുമെന്ന വിലയിരുത്തൽ കൂടി കണക്കിലെടുത്താണ് എല്ലാം നിർത്തുന്നത്.
അതിനിടെ, വിവാദം കോൺഗ്രസ്സിന്‍റെ ആഭ്യന്തരകാര്യമെന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ പറഞ്ഞൊഴിഞ്ഞപ്പോൾ മുനീർ തരൂരിനൊപ്പമാണെന്ന് വ്യക്തമാക്കി. തരൂരിനൊരിക്കലും മോദി ആരാധകനാകാനാകില്ലെന്നും തരൂർ ഇല്ലാത്ത കോൺഗ്രസ്സിനെയും കോൺഗ്രസ്സ് ഇല്ലാത്ത തരൂരിനെയും സങ്കല്പിക്കാനാകില്ലെന്നും മുനീർ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, കേരളത്തിലെ നേതാക്കളെ കുറിച്ചുള്ള പ്രതികരണത്തിൽ തരൂർ സൂക്ഷ്മത കാണിക്കണം. തരൂരിനെ അനുകൂലിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി തങ്ങളും രംഗത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam