Mofia Case : മോഫിയ കേസ്: സിഐയുടെ സസ്പെൻഷൻ കോൺഗ്രസ് സമര വിജയമെന്ന് വിഡിയും കെ സുധാകരനും

By Web TeamFirst Published Nov 26, 2021, 1:27 PM IST
Highlights

ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കാൻ പറ്റാത്ത നിലപാടാണ് സർക്കാരിൽ നിന്ന് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിഐ സുധീറിനെ സംരക്ഷിച്ച സർക്കാരിന് കോൺഗ്രസിന്റെ സമരത്തിന് മുന്നിൽ മുട്ടുകുത്തേണ്ടി വന്നെന്ന് വിഡി സതീശൻ 

തിരുവനന്തപുരം: മോഫിയയുടെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് ഒരു ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിക്കാൻ പറ്റാത്ത നിലപാടാണ് സർക്കാരിൽ നിന്ന് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേസിൽ സിഐ സുധീറിനെ സംരക്ഷിച്ച സംസ്ഥാന സർക്കാരിന് കോൺഗ്രസിന്റെ സമരത്തിന് മുന്നിൽ മുട്ടുകുത്തേണ്ടി വന്നെന്ന് വിഡി സതീശൻ പ്രതികരിച്ചു. 

പൊലീസ് സേനയിലെ ക്രിമിനലുകളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ഇതിന് കൂട്ട് നിൽക്കുകയാണ്. മോഫിയ കേസിൽ സിഐ സുധീറിന്റെ സസ്പെൻഷൻ കോൺഗ്രസിന്റെ സമര വിജയമാണ്. സിപിഎമ്മാണ് സിഐയെ സംരക്ഷിച്ചത്. അനുപമ കേസിലെ കുറ്റവാളികളെ രക്ഷിക്കാൻ സിപിഎം ജില്ല സെക്രട്ടറി നേരിട്ടിറങ്ങി. കോൺഗ്രസ് സമരത്തിന് മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിന്ദ്യമായ നിലപാടാണ് സംസ്ഥാന സർക്കാരിൽ നിന്നുണ്ടായതെന്ന് സുധാകരൻ വിമർശിച്ചു. സിഐയുടേത് കാക്കിക്ക് ചേരാത്ത പെരുമാറ്റം. എന്നിട്ടും സർക്കാർ അതിനെ ന്യായീകരിക്കുന്നു. സ്ത്രീസംരക്ഷണത്തിനായി മതിൽ കെട്ടിയ പാർട്ടിയാണ് സിപിഎം. മുഖ്യമന്ത്രി എപ്പോഴാണ് പ്രതികരിച്ചത്? സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത സർക്കാർ നരഹത്യയ്ക്ക് കൂട്ടുനിൽക്കുകയാണ്. കോൺഗ്രസ് സമാധാനപരമായി സമരം നടത്തി. എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ചു സമരം നടത്തി. കോൺഗ്രസ് സമരത്തെ നിർവീര്യമാക്കാമെന്നു സർക്കാർ ഇനി സ്വപ്നം കാണണ്ടെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി ഇനി എങ്കിലും ആത്മാർത്ഥത കാണിക്കണം. ക്രൈംബ്രാഞ്ച് അന്വേഷണം എന്തിനാണ്? ആരെ ബോധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം? ജുഡീഷ്യൽ അന്വേഷണമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് മനപൂർവം. എന്ത് പറഞ്ഞാലും ന്യായീകരണമാകും എന്നതുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത്. മോഫിയയുടെ ആത്മാവിന് നീതി കിട്ടണം. അന്വേഷണത്തിൽ വെള്ളംചേർക്കരുത്. മോഫിയയുടെ ഭർത്താവിന് ഒപ്പം കോണ്ഗ്രസ്സ് നേതാവ് പോലീസ് സ്റ്റേഷനിൽ പോയെന്ന വാർത്ത കണ്ടു. അത് അന്വേഷിക്കുമെന്നും പാർട്ടിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. 
 

click me!