റോഡ് തകരാർ: ജലസേചന വകുപ്പിനെ കുറ്റപ്പെടുത്തി മന്ത്രി റിയാസ്, എതിർക്കാതെ റോഷി അഗസ്റ്റിൻ

By Web TeamFirst Published Nov 26, 2021, 12:57 PM IST
Highlights

സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്നും ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: നിർത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതിൽ പ്രധാന തടസമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതിക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ പിന്നീട് നന്നാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്നും ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും അദ്ദേഹം പറഞ്ഞു. 

മഴക്കാലത്തും റോഡ് നിർമ്മാണ പ്രവർത്തി നടത്താവുന്ന പുതിയ സാങ്കേതിക വിദ്യ കണ്ടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളെ അള്ളുവക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ ജനങ്ങൾ നേരിടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജല അതോറിറ്റി കുഴിക്കുന്ന റോഡുകൾ സമയത്ത് അടക്കുന്നില്ലെന്ന പൊതുമരാമത്തുവകുപ്പ് മന്ത്രിയുടെ വിമർശനത്തെ എതിർക്കുന്നില്ലെന്നാണ് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ വിമർശനം ഗൗരവതരമാണ്. മന്ത്രിയെ എതിർക്കുന്നില്ല. സാങ്കേതികമായ ചില പ്രശ്നങ്ങൾ കൊണ്ടാണ് ജലസേചന വകുപ്പിന്റെ റോഡ് നിർമ്മാണ പണികൾ വൈകാൻ കാരണമെന്നും മന്ത്രിതല ചർച്ച അടുത്ത ആഴ്ച ഉണ്ടാകുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നത്തിനു പരിഹാരം കാണുകയാണ് ആത്യന്തികമായ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് മോശമെങ്കിൽ കോടതിയെ ബന്ധപ്പെടാം

സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥ പൊതുജനങ്ങൾക്ക് കോടതിയെ അറിയിക്കാം. ഡിസംബർ 14ന് മുൻപ് വിവരങ്ങൾ അറിയിക്കാനാണ് നിർദ്ദേശം. അമിക്കസ് ക്യൂറി, അഭിഭാഷകർ എന്നിവർക്ക് പുറമെ പൊതുജനത്തിനും വിഷയം ശ്രദ്ധയിൽ പെടുത്താം. മഴ കഴിഞ്ഞതോടെ റോഡുകളെക്കുറിച്ച് നിരന്തരം കോടതിയിൽ പരാതികൾ എത്തുന്നുവെന്നും ഇന്ന് കോടതി പറഞ്ഞു.
 

click me!