Mofia Case: സിഐ മകളെ മനോരോഗിയെന്ന് വിളിച്ചു, മോശമായി സംസാരിച്ചു; മോഫിയയുടെ അമ്മ

By Web TeamFirst Published Nov 25, 2021, 4:31 PM IST
Highlights

സംഭവ ദിവസം സിഐയുടെ മുന്നിൽ വെച്ച് സുഹൈൽ മോഫിയയെ അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടും സിഐ സുധീർ പ്രതികരിച്ചില്ല. ഒരു പെണ്ണും  സഹിക്കാത്ത രീതിയിൽ സംസാരിച്ചത് കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്ന് അമ്മ പറയുന്നു.

കൊച്ചി: സി ഐ സുധീറിനെതിരെ (CI Sudheer) ഗുരുതര ആരോപണവുമായി മോഫിയ അമ്മ പ്യാരി (Mofiya Mother). സുധീര്‍ മകളോട് മോശമായി സംസാരിച്ചുവെന്നും മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചുവെന്നുമാണ് അമ്മ പറയുന്നത്. ഈ ചോദ്യം മകളെ മാനസികമായി തകർത്തുകളഞ്ഞുവെന്നാണ് അമ്മ പ്യാരി പറയുന്നത്. 

സംഭവ ദിവസം സിഐയുടെ മുന്നിൽ വെച്ച് സുഹൈൽ മോഫിയയെ അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടും സിഐ സുധീർ പ്രതികരിച്ചില്ല. ഒരു പെണ്ണും  സഹിക്കാത്ത രീതിയിൽ സംസാരിച്ചത് കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്ന് അമ്മ പറയുന്നു. ഇതോടെ നീ മനോരോഗിയല്ലേ എന്ന് ചോദിച്ച് കൊണ്ട് സിഐ മോഫിയക്ക് നേരെ തിരിഞ്ഞു. സിഐയുടെ ഈ പ്രതികരണമാണ് മകളെ മാനസികമായി തകർത്ത് കളഞ്ഞതെന്നാണ് അമ്മ പറയുന്നത്. 

നിയമത്തിന് മുന്നിൽ മനോരോഗിയായ തനിക്ക് നീതി കിട്ടില്ലെന്ന് മകൾ പറഞ്ഞു. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്യാരി ആരോപിക്കുന്നത്. 

Read More: 'മോഫിയ കേസിൽ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണം', സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാകമ്മീഷൻ

വീഴ്ച പറ്റി

മോഫിയ പർവീൺ  ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ ​സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് പൊലീസിന്റെ തന്നെ അന്വേഷണ റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാൽ സിഐ തുടർനടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

Read More: മോർഫിയയുടെ പരാതിയിൽ കേസെടുക്കുന്നതിൽ സിഐയ്ക്ക് ​ഗുരുതര വീഴ്ച ; അന്വേഷണ റിപ്പോർട്ട് കൈമാറി

ഡിഐജി നീരജ് കുമാർ ഗുപത  നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച പറ്റിയെന്ന കണ്ടെത്തൽ. ആലുവ എസ്പിയും ‍ഡിവൈഎസ്പിയും പരാതി ഒക്ടോബർ 29ന് തുടർ നപടികൾക്കായി ആലുവ ഈസ്റ്റ് സിഐ സി എൽ സുധീറിന് കൈമാറി. സുധീർ കേസിലെ തുടർ നടപടി മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. എന്നാൽ കേസ് എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കാര്യമായ മേൽനോട്ടം ഉണ്ടായില്ലെന്ന് റിപ്പോർ‍ട്ട്  വ്യക്തമാക്കുന്നു. 

ഇക്കാര്യത്തിൽ സിഐ നൽകിയ വിശദീകരണം ഇങ്ങനെയാണ്. സ്റ്റേഷനിലെ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ എൽപ്പിച്ചു. ഈ ഉദ്യോഗസ്ഥൻ ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എറ്റവും ഒടുവിൽ നവംബർ 18ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നൽ അന്ന് പരീക്ഷയുടെ കാരണം പറഞ്ഞ് മോഫിയ ഹാജരായില്ലെന്നാണ് സിഐ വിശദീകരണ നൽകിയിട്ടുള്ളത്. എന്നാൽ ആത്മഹത്യ നടന്ന ദിവസം പോലീസ് സ്റ്റേഷനിൽ വെച്ച്  മൊഫിയയെ സിഐ സുധീർ അവഹേളിച്ചെന്ന ആരോപണം പോലീസ് റിപ്പോർട്ടിൽ ഇല്ല. 

കേസ് നടപടിയുടെ ഭാഗമായി മൊഫിയയെയും ഭർത്താവ് സുഹൈലിനെയും വിളിച്ചിരുന്നു. സിഐയുടെ മുറിയിൽ നടന്ന സംസാരത്തിനിടയിൽ സുഹൈൽ അപമര്യാദയായി സംസാരിച്ചതിൽ പ്രകോപിതയായി മൊഫിയ സുഹൈലിനെ അടിച്ചു. ഇത് ബഹളത്തിനിടയാക്കി. ഈ ഘട്ടത്തിൽ സിഐയ്ക്ക് ഉറക്കെ സംസാരിക്കണ്ടി വന്നു. ഇത്രമാത്രമാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഇത്തരം സാഹചര്യത്തൽ സമയോചിതമായി ഇടപെടുന്നതിൽ വീഴ്ച പറ്റിയെന്നാണ് റിപ്പോ‍ർട്ടിൽ പറയുന്നത്. ഡിഐജി നീരജ് കുമാർ ഗുപ്തയുടെ റിപ്പോർട്ട് തുടർ നടപടികൾക്കായി  ഡിജിപിയ്ക്ക് കൈമൈാറിയിട്ടുണ്ട്. 

കേസിൽ മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെ ആലുവ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. 

Read More : മോഫിയ പർവീണിന്റെ മരണം: ഭർത്താവും മാതാപിതാക്കളും റിമാന്റിൽ

click me!