മൊഫിയ പർവീണിന്റെ ആത്മഹത്യ; സസ്പെൻഷനിലായ ഇൻസ്പെക്ടറെ ജോലിയിൽ തിരിച്ചെടുത്തു

Published : Apr 21, 2022, 01:27 PM IST
മൊഫിയ പർവീണിന്റെ ആത്മഹത്യ; സസ്പെൻഷനിലായ ഇൻസ്പെക്ടറെ ജോലിയിൽ തിരിച്ചെടുത്തു

Synopsis

ഭർതൃപീഡനത്തെ തുടർന്ന് ആലുവ സ്വദേശിനിയായ മൊഫിയ പർവീണ്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സി എൽ സുധീറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്. സുധീറിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ് മൊഫിയയുടെ മരണത്തിന് കാരണമെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം.

കൊച്ചി: നിയമ വിദ്യാർത്ഥിനിയായിരുന്ന മൊഫിയ പർവീണിന്‍റെ ആത്മഹത്യയുമായി (Mofia Parveen suicide) ബന്ധപ്പെട്ട് സസ്പെൻഷനിലായ ഇൻസ്പെക്ടർ സിഎൽ സുധീറിനെ ജോലിയിൽ തിരിച്ചെടുത്തു. ആലപ്പുഴയിലാണ് നിയമനം. ഇതിനിടെ പൊതു പണിമുടക്ക് ദിവസം കോതമംഗലത്ത് പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഐഎം നേതാവിനെ അറസ്റ്റ് ചെയ്ത ഇൻസ്പെക്ടറെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി. 32 പേരുടെ സ്ഥലംമാറ്റ പട്ടികയാണ് പുറത്ത് വന്നത്.

ഭർതൃപീഡനത്തെ തുടർന്ന് ആലുവ സ്വദേശിനിയായ മൊഫിയ പർവീണ്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സി എൽ സുധീറിനെ നേരത്തെ സസ്പെൻഡ് ചെയ്തത്. സുധീറിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ് മൊഫിയയുടെ മരണത്തിന് കാരണമെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധവും ആലുവയിലുണ്ടായി. ഏതാനും മാസങ്ങളായി സസ്പെൻഷനിലായിരുന്ന സി എൽ സുധീ‍ർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 32 പേരുടെ സ്ഥലംമാറ്റ പട്ടികയിലാണ് ഇടം പിടിച്ചത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി ഐ ആയിരുന്ന സുധീറിനെ ആലപ്പുഴ അർത്തുങ്കൽ സ്റ്റേഷനിലാണ് നിയമിച്ചത്. 

ഇതിനിടെയാണ് കോതമംഗലത്ത് സിപിഎം ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത ഇൻസ്പെക്ടർ ബേസിൽ തോമസിനെ ചെറുതുരുത്തിയിലേക്ക് സ്ഥലം മാറ്റിയത്. പൊതുപണിമുടക്ക് ദിവസം ജോലിക്കെത്തിയ കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ് സിപിഐഎം നേതാവിനെ അറസ്റ്റ് ചെയ്തത്. ഇതിൽ സിപിഐഎം പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും കടുത്ത അതൃപ്തിയിലായിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് ബേസിൽ തോമസിനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയതെന്നാണ് സൂചന. എന്നാൽ വിവിധയിടങ്ങളിൽ സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ ഒഴിവുണ്ടായിരുന്നത് പരിഗണിച്ചാണ് 32 പേരുടെ സ്ഥലംമാറ്റ പട്ടിക പുറത്തിറക്കിയതെന്നുമാണ് പൊലീസ് കേന്ദ്രങ്ങളിലെ വിശദീകരണം.

മൊഫിയ ആത്മഹത്യ ചെയ്യാൻ കാരണം സുഹൈലിന്‍റെ നിരന്തര മർദ്ദനം; പൊലീസ് കുറ്റപത്രം

മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ഭർത്താവിന്റെ വീട്ടിൽ മൊഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസിൽ രണ്ടാം പ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദ്ദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K