'ഇടത്തോട്ട് കോണി ചാരണ്ട', ഇപിയെ തള്ളി കാനം, കുഞ്ഞാലിക്കുട്ടി 'കിംഗ്‍മേക്കറെ'ന്ന് ഇപി

Published : Apr 21, 2022, 12:41 PM ISTUpdated : Apr 21, 2022, 12:47 PM IST
'ഇടത്തോട്ട് കോണി ചാരണ്ട', ഇപിയെ തള്ളി കാനം, കുഞ്ഞാലിക്കുട്ടി 'കിംഗ്‍മേക്കറെ'ന്ന് ഇപി

Synopsis

മുന്നണി വിപുലീകരണത്തെക്കുറിച്ച് എൽഡിഎഫ് ഒന്നും ചർച്ച ചെയ്തിട്ടില്ല. അദ്ദേഹം സ്വന്തം അഭിപ്രായം പറഞ്ഞതായിരിക്കാമെന്നാണ് കാനം രാജേന്ദ്രൻ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കാതെയെങ്കിലും പറയുന്നത്. 

തിരുവനന്തപുരം: മുന്നണി വിപുലീകരണത്തെക്കുറിച്ച് എൽഡിഎഫിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും, പുതുതായി ചുമതലയേറ്റ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞതായിരിക്കുമെന്നും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നില്ലെങ്കിലും ഇപി പറഞ്ഞതിനെ പൂർണമായി തള്ളിക്കളയുന്നു കാനം. ചർച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ താനില്ലെന്നും കാനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം, എൽഡിഎഫിന് പറയാനുള്ളത് എൽഡിഎഫ് പറഞ്ഞു, ഇനി ബാക്കിയൊക്കെ അവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഇ പി ജയരാജൻ ഇന്ന് പ്രതികരിച്ചത്. മുന്നണി വിപുലീകരണം എൽഡിഎഫിന്‍റെ അജണ്ടയിലുണ്ട് എന്ന് ഇപി തിരിച്ചടിച്ചു. ഇപ്പോഴിക്കാര്യം ലീഗിന്‍റെ അജണ്ടയിലില്ലെന്ന് മാത്രം പ്രതികരിച്ച് രാഷ്ട്രീയാഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ട കുഞ്ഞാലിക്കുട്ടിക്ക് ഇപിയുടെ പരോക്ഷപ്രശംസയും കിട്ടി. ''രാഷ്ട്രീയകാര്യങ്ങളിൽ നയരൂപീകരണത്തിലൊക്കെ ഒരു കിംഗ്‍മേക്കറാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹം എന്താണുദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചുനോക്കൂ'', ഒരു ചിരിയോടെ ഇ പി പറയുന്നു. 

''പി സി ചാക്കോ ഇന്നെവിടെയാണ്? കെ വി തോമസ് എവിടെയാണ്? ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള എല്ലാ അടവുപരമായ നടപടികളും സിപിഎം സ്വീകരിക്കും. അതാണ് ഇടത് നയം'', ഇപി വ്യക്തമാക്കുന്നു. കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണി കൂടുതൽ ശക്തിപ്പെടുമെന്നും, അതൊരു മനുഷ്യമഹാപ്രവാഹമായി മാറുമെന്നും ഇപി ജയരാജൻ പറയുന്നു. 

ഇന്നലെ മുന്നണി വിപുലീകരണം എൽഡിഎഫിന്‍റെ പദ്ധതിയിലുള്ള കാര്യമാണെന്നും, 50 ശതമാനം വോട്ടുകൾ നേടുന്ന മുന്നണിയായി എൽഡിഎഫിനെ വളർത്തുകയാണ് ലക്ഷ്യമെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് വരികയാണെങ്കിൽ ലീഗിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ ചർച്ചയാകാമെന്ന് ഇപി വ്യക്തമാക്കി. ആർഎസ്പിക്കും ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം ആകാമെന്നും ഇ പി പറഞ്ഞു. 

എന്നാൽ ഇടത് മുന്നണിയിലേക്ക് പോകണ്ട ഗതികേടൊന്നും ലീഗിനില്ല എന്നാണ് കെപിഎ മജീദ് ഇന്ന് പ്രതികരിച്ചത്. അത് ലീഗിന്‍റെ അജണ്ടയിൽപ്പോലുമില്ല. ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതൽ വളർന്നിട്ടുള്ളത്. ഭരണമില്ലെങ്കിൽ ലീഗ് ക്ഷീണിച്ചുപോകില്ല. വളരുകയേയുള്ളൂ - മജീദ് പറഞ്ഞു. മുസ്ലിം ലീഗ് ഗതികിട്ടാ പ്രേതമല്ലെന്നാണ് ഇന്നലെ എം കെ മുനീർ ഇപിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

ഇപിയുടെ ക്ഷണം പല തരത്തിലുള്ള പ്രതികരണങ്ങളാണ് രാഷ്ട്രീയവൃത്തത്തിലുണ്ടാക്കിയത്. മുന്നണിയിൽ മാത്രമല്ല. മുസ്ലിം ലീഗ് പാർട്ടിയിൽ കൂടി ഭിന്നിപ്പ് ലക്ഷ്യമിട്ടാണ് എൽഡിഎഫ് കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട  ഇപി ജയരാജന്‍റെ പുതിയ പരാമർശം. എന്നാൽ കഴിഞ്ഞ ഡിസംബറിലടക്കം  ലീഗിനെ തീവ്ര വർഗ്ഗീയ കക്ഷിയെന്ന് കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും മറ്റും വിശേഷിപ്പിച്ചിരുന്നു. ഈ നിലപാടിൽ നിന്ന് സിപിഎം മലക്കം മറിഞ്ഞോ ഇപ്പോഴെന്നതാണ് ചോദ്യം. 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K