
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, പ്രതിരോധ പ്രവർത്തനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി സിപിഎം രംഗത്ത്. രോഗവ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് ഗുരുതര വീഴ്ച വരുത്തുന്നതായി സിപിഎം ആരോപിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാളരുതെന്നും, സാഹചര്യം ഗൗരവമായി കണ്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരിട്ട് കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പി. എ. മുഹമ്മദ് റിയാസ് എം എൽ എ ആവശ്യപ്പെട്ടു. ഇക്കാര്യം ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിലെപ്പോലെ ശക്തമായ ഏകോപനം ഈ ഘട്ടത്തിൽ അത്യാവശ്യമാണെന്നും എം എൽ എ കൂട്ടിച്ചേർത്തു.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് പൂർണ പിന്തുണ നൽകും. ആത്മവിശ്വാസത്തോടെയും ഏകോപനത്തോടെയും സർക്കാർ നിപ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവണമെന്നും പ്രതിരോധപ്രവർത്തനത്തിന് എംഎൽഎ എന്ന നിലയിൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. റിയാസിന്റെ മണ്ഡലത്തിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലാണ് നിപ സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പിന് വീഴ്ചയെന്ന് സിപിഎം
രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സർക്കാർ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ പോലും കൃത്യമായി നിർവഹിച്ചിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. രോഗവ്യാപനം ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകളോ പ്രതിരോധ നടപടികളോ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിലവിൽ ക്വാറന്റീനിൽ ഉള്ളവരുടെ പട്ടിക പോലും കൃത്യമല്ലെന്നും, ആരോഗ്യവകുപ്പിന്റെ നടപടികൾ ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുകയാണെന്നും മെഹബൂബ് വിമർശിച്ചു.
രാമനാട്ടുകര ഫറോക്ക് സ്വദേശിയായ 43 വയസുകാരനാണ് നിലവിൽ നിപ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലുള്ളത്. പൂനെ എൻഐവിയിൽ നിന്നുള്ള ഫലവും പോസിറ്റീവ് ആയതോടെ കടുത്ത ആശങ്കയിലാണ് നാട്. ഇതിനിടയിലാണ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതൃത്വങ്ങൾ രംഗത്തെത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam