
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകും.
2025 ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് 'എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി'. ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാന്‍ സമൂഹം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. നമ്മള്‍ പ്രളയത്തെയും മറ്റു മഹാമാരികളെയും വളരെ വേഗം അതിജീവിച്ചവരാണ്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവും അതുപോലെ തന്നെ സാധ്യമാക്കാന്‍ നമ്മുക്ക് കഴിയുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam