
തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളിലെ കരുത്തനായ നേതാവ് എന്നതിനപ്പുറം, അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓർമ്മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു.
അന്ന് പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി. ഉടൻ തന്നെ അന്നത്തെ പാർട്ടി സെക്രട്ടറി ചടയൻ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോൾ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേൽപ്പിച്ച് തന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി.
"അമ്മ ഏത് നിമിഷവും പോകുമെന്ന് എനിക്കറിയാമായിരുന്നു . ആ സമയത്ത് ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ മരണ വിവരം ആരോടേലും പറയണം. വീടിന് പുറത്തിറങ്ങി. നാട്ടുകാരനായ നാണുവെന്ന ഒരാൾ മുന്നിൽ വന്നു. പക്ഷേ ഒരക്ഷരം പറയാനാകുന്നില്ല. വാക്ക് വരുന്നില്ല. പറയാൻ പറ്റുന്നില്ല. അദ്ദേഹത്തിന് മനസിലായി. അത് അതങ്ങനെ ഒരു ബന്ധമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിക്കുന്നു.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam