
കൊച്ചി: നടന്‍ മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം നാളെ തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പിൽ നടക്കും. ഇന്ന് ഉച്ചയോടെയാണ് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ച് ശാന്തകുമാരിയമ്മ അന്തരിച്ചത്. 90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ അമ്മയുടെ അന്ത്യനിമിഷത്തില്‍ ലാലും ഒപ്പമുണ്ടായിരുന്നു. മോഹന്‍ലാലെന്ന മഹാഭാഗ്യത്തെ മലയാളത്തിനു നല്‍കിയ അമ്മ ഇനി ഓര്‍മയാകുന്നു.
ജീവിതത്തിലെ ഉയര്‍ച്ചകളുടെയെല്ലാം കാരണക്കാരിയാരെന്ന ചോദ്യത്തിന് അമ്മയെന്നായിരുന്നു എന്നും ലാലിന്‍റെ മറുപടി. ഭര്‍ത്താവ് വിശ്വനാഥന്‍ നായരുടെയും മൂത്തമകന്‍ പ്യാരിലാലിന്‍റെയും മരണ ശേഷം കൊച്ചിയിലെ മോഹന്‍ലാലിന്‍റെ വീട്ടിലായിരുന്നു ശാന്തകുമാരി. ഏറെ നാളായി രോഗശയ്യയിലായിരുന്ന അമ്മയുടെ പരിചരണത്തിന് തിരക്കുകളെല്ലാം മാറ്റിവച്ച് ലാലെത്തിയിരുന്നു. പിറന്നാളടക്കം അമ്മയുടെ ജീവിതത്തിലെ വിശേഷ ദിവസങ്ങള്‍ ആഘോഷമാക്കി.
ദാദാ സാഹിബ് പുരസ്കാര നേട്ടത്തിന് ശേഷം ലാല്‍ ആദ്യമെത്തിയതും അമ്മയുടെ അരികിലേക്കാണ്. വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും സൂപ്പര്‍താരത്തിന് തണലായും പ്രചോദനമായും കൂടെയുണ്ടായിരുന്നു അമ്മയാണ് ഓര്‍മയാകുന്നത്. മരണവാര്‍ത്തയറിഞ്ഞ് മമ്മൂട്ടിയും ഫാസിലും ഉള്‍പ്പെടെ സിനിമയിലെ സഹപ്രവര്‍ത്തകര്‍ ലാലിന്‍റെ വീട്ടിലെത്തി. മൃതദേഹം തിരുവന്തപുരത്തെത്തിച്ച ശേഷം അച്ഛനെയും സഹോദരനെയും അടക്കം ചെയ്ത മുടവന്‍മുഗളിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam