മോൻസൻ തട്ടിപ്പുകേസ്: പണം നൽകുമ്പോൾ സുധാകരനുണ്ടായിരുന്നില്ല, മറ്റ് പല നേതാക്കളെയും കണ്ടിട്ടുണ്ടെന്നും രാജീവ്

By Web TeamFirst Published Sep 29, 2021, 9:10 PM IST
Highlights

മോൻസന്റെ വീട്ടിൽ വെച്ച് കണ്ട മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ രാജീവ് തയ്യാറായില്ല

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ കെ സുധാകരന് ആശ്വാസകരമാകുന്ന തരത്തിൽ പരാതിക്കാരന്റെ മൊഴി. ക്രൈംബ്രാഞ്ച് പരാതിക്കാരുടെ ഇന്നത്തെ മൊഴിയെടുക്കൽ പൂർത്തിയായി. കെ സുധാകരനെ നിരവധി തവണ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്ന് പരാതിക്കാരൻ രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. പണം കൈമാറുമ്പോൾ സുധാകരനെ കണ്ടിട്ടില്ലെന്നും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

മോൻസന്റെ വീട്ടിൽ വെച്ച് കണ്ട മറ്റ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ രാജീവ് തയ്യാറായില്ല. 'ഞാൻ 1.68 കോടി രൂപ കൊടുത്തിട്ടുണ്ട്. എന്റെയൊരു സുഹൃത്താണ്, ഫണ്ട് ക്ലിയർ ചെയ്യാനുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോഴാണ് പണം നൽകിയത്. പണം തിരികെ തരാതെ ഒരു വർഷം കഴിഞ്ഞു. അതിനാലാണ് പരാതിയുമായി പോയത്. കെ സുധാകരനെ മോൻസന്റെ വീട്ടിൽ ഒന്ന്-രണ്ട് തവണ കണ്ടിരുന്നു. ബന്ധങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ചും രേഖകൾ കാണിച്ച് വിശ്വസിപ്പിച്ചത് കൊണ്ടുമാണ് പണം നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കളെ മോൻസന്റെ വീട്ടിൽ വെച്ച് കണ്ടിരുന്നു.അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താൻ താത്പര്യപ്പെടുന്നില്ല,' - രാജീവ് പറഞ്ഞു.

അതേസമയം മോൻസന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും കണ്ടെത്തിയ ആനക്കൊമ്പ് വ്യാജമാണെന്ന് വനം വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. ഇത് ഒട്ടകത്തിന്റെ എല്ലാണോയെന്ന് സംശയിക്കുന്നെന്നും വനം വകുപ്പ് റിപ്പോർട്ട് നൽകി. ഇവ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും. ക്രൈം ബ്രാഞ്ച് സംഘം മോൻസന്റെ ചേർത്തലയിലെ വീട്ടിലും ഇന്ന് പരിശോധന നടത്തി. മൂന്നര മണിക്കൂർ സമയം ഉദ്യോഗസ്ഥർ ഇവിടെയുണ്ടായിരുന്നു. 

click me!