മോൻസൻ മാവുങ്കല്ലിൻ്റെ കൈയിലുള്ള ചെമ്പോല തിട്ടൂരത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

By Web TeamFirst Published Oct 2, 2021, 4:37 PM IST
Highlights

 വ്യാജ ചെമ്പോല നിർമ്മിച്ച് പ്രചരിപ്പിച്ച ഗൂഡ സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗൺസിൽ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി. പൊതു സമൂഹത്തിൽ അശാന്തിയും സംഘർഷ സാധ്യതയും സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെ വ്യാജ രേഖ നിർമിക്കുകയും അത് വർത്തയാക്കുകയും ചെയ്തവർക്ക് എതിരെ കേസ് എടുത്തു അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവ് ശങ്കു ടി ദാസ് (Sanku T Das) നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജ ചെമ്പോല നിർമ്മിച്ച് പ്രചരിപ്പിച്ച ഗൂഡ സംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് (VHP) സംസ്ഥാന ഗവേണിംഗ് കൗൺസിൽ ആവശ്യപ്പെട്ടു. 

മോൻസൻ്റെ (monson) കൈവശമുള്ള ശബരിമലയുമായി (Sabarimala) ബന്ധപ്പെട്ട വ്യാജചെമ്പോലയെക്കുറിച്ച് അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം (pandalam palace) നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിശ്വാസികൾക്കിടയിൽ സ്പർധ വളർത്താൻ മനപൂർവ്വം വ്യാജരേഖയുണ്ടാക്കിയതാണെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി നാരായണവർമ്മ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ പുരാവസ്തു വകുപ്പ് അന്വേഷിച്ച് സത്യാവസ്ഥ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

അയ്യപ്പഭക്തർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാശ്രമമാണ് ഇതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. പന്തളം കൊട്ടാരത്തിൽ പുരാതന രേഖകളിലൊന്നും രാജകീയ സീൽ എന്നൊരു സംഭവമില്ല. എന്നാൽ മോൻസന്റെ കൈയിലെ താളിയോലയിൽ ഇങ്ങനെയൊരു സംഭവമുണ്ട്. പന്തളം കൊട്ടാരത്തിലുള്ളത് താളിയോലകളാണ്. വവ്വാർക്ക് എഡി 854-ൽ ചെമ്പോല നൽകിയതായി ചരിത്രരേഖകളിലുണ്ട് എന്നാൽ അതാണ് മോൻസൻ്റെ കൈയ്യിലുള്ളതെന്ന് കരുതാൻ യാതൊരു നിർവാഹവുമില്ല. ഇക്കാര്യത്തിൽ പുരാവസ്തു വകുപ്പ് മുൻകൈയ്യെടുത്ത് വിശദമായ അന്വേഷണം നടത്താൻ തയ്യാറാവണം - നാരായണവർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മോൻസൻ്റെ പുരാവസ്തു തട്ടിപ്പ് മറ്റൊരുതലത്തിലേക്ക് പോകുന്നു എന്നതിൻ്റെ സൂചന കൂടിയാണ് വിഷയത്തിലെ പന്തളം കൊട്ടാരത്തിൻ്റെ പ്രതികരണം. 2018-ൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല പ്രക്ഷോഭം കത്തി നിൽക്കുന്ന സമയത്താണ് 350 വർഷം പഴക്കമുള്ള ചെമ്പോലയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്. ശബരിമല ക്ഷേത്രത്തിൽ പന്തളം കൊട്ടാരത്തിനുള്ള അവകാശങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു ചെമ്പോലയിലെ വിവരങ്ങൾ. ചെമ്പോലയിലെ വാർത്തകൾ അന്ന് പന്തളം കൊട്ടാരം തള്ളിക്കളഞ്ഞെങ്കിലും ഇപ്പോൾ മോൻസൻ്റെ തട്ടിപ്പു പുറത്തു വന്നതോടെ ഇതിൽ മറ്റു തരത്തിലുളള ഗൂഢാലോചനകളുണ്ടെന്നാണ് പന്തളം കൊട്ടാരം ഇപ്പോൾ ആരോപിക്കുന്നത്. 

click me!