മോൻസൻ മാവുങ്കലിന് ജാമ്യമില്ല; രണ്ട് കേസുകളിലെ ജാമ്യാപേക്ഷ തള്ളി

By Web TeamFirst Published Oct 8, 2021, 12:18 PM IST
Highlights

മോൻസന് വലിയ സ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു മുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

കൊച്ചി: പുരാവസ്തു തട്ടിപ്പിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ (Monson Mavunkal)  ജാമ്യാപേക്ഷ കോടതി തള്ളി. രണ്ട് കേസുകളിലെ ജാമ്യാപേക്ഷയാണ് (Bail application) കോടതി തള്ളിയത്. സാമ്പത്തിക തട്ടിപ്പ് കേസിലും ഭൂമിയിടപാട് കേസിലുമാണ് ജാമ്യം തേടിയിരുന്നത്.

മോൻസന് വലിയ സ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു മുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. എറണാകുളം (Ernakulam) എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

പുരാവസ്തുവിന്‍റെ മറവിലെ സാമ്പത്തിക തട്ടിപ്പിലും, വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിലുമാണ് മോൻസൻ ജാമ്യം തേടിയിരുന്നത്. പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു മോൻസന്‍റെ വാദം . എന്നാൽ കരുതിക്കൂട്ടിയുളള കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും മോൻസനെ സഹായിച്ചവരെ കണ്ടെത്താനുളള ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യം നൽകിയിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു സർക്കാർ വാദം. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷകൾ തളളിയത്. ഇതിനിടെ ഉന്നതരുടെ പേരുകൾ പറയരുതെന്നാവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നാരോപിച്ചാണ് പരാതിക്കാർ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. 

ഇതിനിടെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ തെളിവെടുപ്പ് തുടങ്ങി. കൊച്ചി കലൂരിലുളള മോൻസന്‍റെ മ്യൂസിയത്തിലെ വസ്തുക്കൾ സുരക്ഷിതമായി മറ്റെവിടേക്കെങ്കിലും മാറ്റുന്നതും ആലോചിക്കുന്നുണ്ട്. വ്യാജ ബാങ്ക് രേഖകൾ അടക്കമുണ്ടാക്കാൻ മോൻസനെ ആരൊക്കെ സഹായിച്ചെന്നാണ് പരിശോധിക്കുന്നത്. 
 

click me!