Monson Mavunal| മോൻസൻ മാവുങ്കൽ കേസ്; അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സർക്കാരിനോട് ഹൈക്കോടതി

By Web TeamFirst Published Nov 19, 2021, 5:44 PM IST
Highlights

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂ. മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതം. പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് ഇഡി അന്വേഷണം തുടങ്ങാന്‍ വൈകിയതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു.

കൊച്ചി: മോൻസൻ മാവുങ്കൽ (Monson Mavunkal) കേസിൽ അനിത പുല്ലയിലിന്റെ (Anitha Pullayil) പങ്ക് എന്താണെന്ന്  സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി (High Court). ഇക്കാര്യത്തിൽ മറുപടി നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. 

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) ഹൈക്കോടതിയില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂ. മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതം. പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് ഇഡി അന്വേഷണം തുടങ്ങാന്‍ വൈകിയതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞു.

മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു.  ഇവ ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ്. 
എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നു എന്നും കോടതി പറഞ്ഞു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. ഡിസംബര്‍ ഒന്നിനകം വിശദമായ മറുപടി നൽകാൻ കോടതി ഇഡിക്ക് നിർദേശം നൽകുകയും ചെയ്തു. 

മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്  പരാതിയിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയാണ് ഇഡി പുരാവസ്തു തട്ടിപ്പിൽ കേസ് എടുത്ത്. മോൻസൻ മാവുങ്കലിന് പുറമെ മുൻ ഡ്രൈവർ അജി, മോൻസന്‍റെ മേക്കപ്പ് മാൻ ജോഷി അടക്കമുള്ളവരാണ് കൂട്ട് പ്രതികൾ. പുരാവസ്തുക്കളുടെ മറവിൽ നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വഷിക്കുന്നത്. പുരാവസ്തുക്കൾ വാങ്ങാനും വിൽപ്പനയ്ക്കുമായി കോടികൾ ചെലവഴിച്ചതായി വിവിധ പരാതികളിലുണ്ട്. ഒക്ടോബർ 3 വരെ  ക്രൈംബ്രാ‌ഞ്ച് റജിസ്റ്റർ ചെയ്ത എല്ലാ സാമ്പത്തിക തട്ടിപ്പ് പരാതികളും ഇഡി അന്വേഷിക്കുന്നുണ്ട്. ഒരു രേഖയുമില്ലാതെ പലരും മോൻസന്റെ പുരാവസ്തു ഇടപാടുകൾക്ക് കോടികൾ നിക്ഷേപിച്ചതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും ഇടപാടിൽ പങ്കാളികളാണ്. ഇവരെയെല്ലാം ഇഡി വിളിച്ചുവരുത്തി മൊഴി എടുക്കുന്നുണ്ട്. മോൻസനും ജോഷിയും നിലവിൽ ജയിലിലാണ്. 

Read Also: Farm Law| 'ആ നിയമങ്ങൾ പിൻവലിച്ചത് ഇന്ത്യയിലെ എല്ലാവരുടെയും വിജയം';കർഷക സമരത്തിന് അഭിവാദ്യം അർപ്പിച്ച് യെച്ചൂരി

click me!