
കൊച്ചി: മോൻസൻ മാവുങ്കല്‍ (Monson Mavunkal) കേസിലെ ഹൈക്കോടതി ഇടപെടൽ പരിധിവിടുന്നുവെന്ന വിമർശനവുമായി സർക്കാർ. ഹർജിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും മുൻ ഡ്രൈവർ ഇ വി അജിത് നൽകിയ ഹർജി അവസാനിപ്പിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
മോൻസൻ കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം സംഭവിച്ച വീഴ്ച അക്കമിട്ട് ഹൈക്കോടതി നടത്തിയ വിമർശനത്തിന് പിറകെയാണ് സർക്കാർ കോടതിയുടെ ഇടപെടലിൽ അതൃപ്തിയുമായി രംഗത്ത് വരുന്നത്. ഹർജിക്കാരൻ ഉന്നയിക്കാത്ത വിഷയങ്ങളിലേക്ക് കോടതി ഇടെപടൽ നടത്തുകയാണെന്നും ഇത് കേസ് അന്വഷണത്തെ കാര്യമായി ബാധിക്കുന്നുവെന്നുമാണ് വിമർശനം. പുരാവസ്തു തട്ടിപ്പിൽ നിലവിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ ആർക്കും പരാതിയില്ല. മറ്റ് ഏജൻസികളുടെ ആവശ്യവുമില്ല. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസിൽ എങ്ങനെ അന്വേഷണം കാര്യക്ഷമമാകുമെന്ന് ഹർജിക്കാരൻ പറയാത്ത കാര്യം കോടതി ഉന്നയിക്കുന്നു. മാത്രമല്ല കോടതി ഹർജിക്കാരനോട് ഇഡിയെ കക്ഷി ചേർക്കാൻ ആവശ്യപ്പെടുന്നു. ഇത് അനുസരിച്ച് കേസിൽ ഇഡിയെ കക്ഷിയാക്കുകയും ചെയ്തു. കേസിലെ അന്വഷണം സിബിഐയ്ക്ക് കൈമാറുന്നതാണ് നല്ലതെന്ന എൻഫോഴ്സ്മെന്‍റ് നിലപാടിന് പിന്നിൽ ഇഡിയുടെ അമിതാവേശമാണ് കാണിക്കുന്നത്. ഇത്തരം താൽപ്പര്യത്തിന് പിറകിൽ നിക്ഷിപ്തമായ താൽപ്പര്യം ഉണ്ട്. സംസ്ഥാന സർക്കാറിനെതിരായ കേസുകളിൽ ഇഡി സ്വീകരിക്കുന്ന നിലപാട് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കുന്നു.
ഹർജിക്ക് പുറത്തെ കോടതി ഇടപെടലിലെ നിയമ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചാണ് സർക്കാർ സത്യവാങ്മൂലം. മാത്രമല്ല മോൻസനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മുൻ ഡ്രൈവർ അജിയെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മോൻസനുമായി ബന്ധപ്പെട്ട ഹർജി തന്നെ അവസാനിപ്പിക്കണം എന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സത്യവാങ്മൂലത്തിൽ ഇനി ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam