മോൻസൻ-പൊലീസ്-ചെമ്പോല വിവാദം സഭയിൽ, ബെഹ്റയെ സംരക്ഷിച്ച് മുഖ്യമന്ത്രി, അടിയന്തിര പ്രമേയത്തിന് അനുമതിയില്ല

By Web TeamFirst Published Oct 5, 2021, 11:07 AM IST
Highlights

മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും രൂക്ഷ വിമർശനമാണ് സഭയിൽ ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും, നടപടിയുണ്ടായില്ലെന്നും ബെഹ്റ മോൻസനെ സംരക്ഷിച്ചുവെന്നും കോൺഗ്രസ് വിമർശിച്ചു. 

തിരുവനന്തപുരം: വ്യാജ പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ( monson mavunkal )വിവാദം നിയമസഭയിൽ. മോൻസൻ-പൊലീസ് ബന്ധത്തിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷ എംഎൽഎ പിടി തോമസ് സഭയിൽ നോട്ടീസ് നൽകി. ശബരിമല ആചാരങ്ങളിൽ ചെമ്പോല വ്യാജമായി ഉണ്ടാക്കിയെന്ന് ആരോപിച്ച പ്രതിപക്ഷം, ജനങ്ങളെ കബളിപ്പിക്കാൻ മോൻസനും സർക്കാരും ഒരു ചാനലും ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി.

മുൻ ഡിജിപി ലോക്നാഥ്  ബെഹ്റയ്ക്കെതിരെയും( loknadh behra) രൂക്ഷ വിമർശനമാണ് സഭയിൽ ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും, നടപടിയുണ്ടായില്ലെന്നും ബെഹ്റ മോൻസനെ സംരക്ഷിച്ചുവെന്നും കോൺഗ്രസ് വിമർശിച്ചു. എന്നാൽ ബെഹ്റയെ സംരക്ഷിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ( cm pinarayi vijayan ), ബെഹ്റയാണ് മോൻസനെതിരെ അന്വേഷണം ആവശ്യപ്പെട്ടതെന്നും സഭയെ അറിയിച്ചു.  അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകിയില്ല. 

പിടി തോമസ് സഭയിൽ 

ചെമ്പോല വ്യാജമായി ഉണ്ടാക്കി എന്നത് ഗുരുതര പ്രശ്നമെന്ന് പിടി തോമസ് സഭയിൽ. 25.2.2019 ൽ തന്നെ മോൻസനെതിരെ ഇന്റലിജിൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അത് അറിഞ്ഞില്ല എങ്ങിനെ മുഖ്യമന്ത്രി പറയും. ഇന്റലിജിൻസ് റിപ്പോർട്ടിന് ശേഷമാണ് മോൻസന് അന്നത്തെ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്‌റ സംരക്ഷണം ഒരുക്കിയത്. കോസ്മെറ്റിക് സർജൻ എന്ന് അറിയപ്പെടുന്ന മോൻസൻ അന്തരാഷ്ട്ര തട്ടിപ്പകാരനാണെന്നായിരുന്നു ഇന്റലിജിൻസ് റിപ്പോർട്ട് . പക്ഷെ പിന്നാലെ മോൻസന്റെ വീടുകൾക്ക് സംരക്ഷണം നൽകുകയാണുണ്ടായത്. ലോക കേരള സഭയിലെ വനിത പ്രതിനിധി മോൻസന്റെ ഇടനിലകാരിയാണോയെന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞ പിടി തോമസ് പൊലീസിന്റെ കൊകൂൺ മീറ്റിൽ എങ്ങിനെ യുവതി വന്നുവെന്നും ചോദിച്ചു. 

മുൻ ഡിജിപി ബെഹ്റയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് സഭയിൽ പിടി തോമസ് ഉന്നയിച്ചത്. മോൻസന്റെ 'മോശയുടെ വടി' പിടിച്ച ബെഹ്‌റ ക്കു കഴിഞ്ഞ ദിവസം ശമ്പളം നിശ്ചയിച്ചു. എന്ത് കൊണ്ട് ബെഹ്‌റക്കു എതിരെ അനങ്ങുന്നില്ല? മോദിയുടെ വിശ്വസ്ഥനായ ബെഹ്‌റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി? ഭരണ പക്ഷം കെ സുധാകരൻ എന്ന് വിളിച്ചു പറയുന്നുണ്ട്. പക്ഷേ സുധാകരന് ഒന്നും മറച്ചു വെക്കാനില്ല. സുധാകരനെതിരെ ബ്രണ്ണൻ കോളേജിൽ കൈ ഓങ്ങിയെന് പറയുന്ന പിണറായി ബെഹ്‌റക്ക് എതിരെ നടപടി എടുക്കാൻ ഉള്ള കടലാസിൽ ഒപ്പിടാൻ ധൈര്യം കാണിക്കുമോയെന്നും പിടി തോമസ് വെല്ലുവിളിച്ചു. 

മുഖ്യമന്ത്രിയുടെ മറുപടി 

മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, 6.9.2021 നാണ് മോൻസനെതിരെ പരാതി ലഭിച്ചതെന്ന് സഭയെ അറിയിച്ചു. നിലവിൽ മോൻസൻ പൊലീസ് കസ്റ്റഡിയിലാണ്. മോസനെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികിൽസിച്ചത് എന്നൊക്കെ ഇപ്പോൾ പറയുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതെല്ലാം പൊലീസ് അന്വേഷിക്കേണ്ടതാണെന്നും വ്യക്തമാക്കി. ചെമ്പോല സർക്കാർ ദുരുപയോഗം ചെയ്തെന്ന ആരോപണം ശരിയല്ല, വ്യാജമായി ചെമ്പോല ഉണ്ടാക്കിയെന്നതും അന്വേഷണ പരിധിയിൽ വരും. വ്യാജരേഖ ആർക്കിയോളജി വകുപ്പിനോട് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

''മോൻസന്റേത് തട്ടിപ്പ് ആണെന്ന് അറിയാതെ കാണാൻ പോകുന്നവരുണ്ടാകും. അതല്ലാതെ തട്ടിപ്പിന് ബോധപൂർവ്വം സഹായം കൊടുത്തവരുമുണ്ടാകും. ഇതെല്ലാം അന്വേഷിക്കേണ്ടത് പൊലീസ് ആണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേര് പറയാതെ ആയിരുന്നു പിണറായിയുടെ വിമർശനം. അന്വേഷണത്തിൽ പ്രതിപക്ഷത്തിന് പരാതി ഉണ്ടോ എന്നും പിണറായി ആരാഞ്ഞു. മോൻസനെതിരായ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്ല. തട്ടിപ്പിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ ഒരു ധാക്ഷിണ്യവും ഉണ്ടാകില്ലെന്നും കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

ബെഹ്റയെ സംരക്ഷിച്ച് സിഎം പിണറായി സഭയിൽ 

ബെഹ്റയെ സംരക്ഷിച്ചാണ് പിണറായി സഭയിൽ ഉടനീളം സംസാരിച്ചത്. 2019 ജൂൺ 13 ഡിജിപി ബെഹ്റയാണ്  മോൻസന് എതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്റലിജിൻസിന് കത്ത് അയച്ചതെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. 2019 നവംബറിൽ എഡിജിപി ഇന്റലിജിൻസ് പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. 21.12.2019 ഇൽ വിശദ റിപ്പോർട്ട് തേടി ഡിജിപി വീണ്ടും എഡിജിപി ഇന്റലിജിൻസിന് കത്തു നൽകി. 1.1.2020 ന് വിശദ റിപ്പോർട്ട് എഡിജിപി ഇന്റലിജിൻസ് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഇതിനു ശേഷം ഫെബ്രുവരി 5 ന് ഡിജിപി ഇഡിക്ക് അന്വേഷണത്തിന് വേണ്ടി കത്തു നൽകി. എന്നാൽ അന്വേഷണത്തിലേക്ക് കടന്നിട്ടില്ല.

മോൻസന്റെ വീടിനു സംരക്ഷണം ഒരുക്കിയതിൽ വീഴ്ച്ച ഉണ്ടെങ്കിൽ അതും അന്വേഷിക്കും. മോൻസന് എതിരെ ശക്തമായ നടപടി ഉണ്ടാകും. കോൺഗ്രസിലെ പ്രശ്നം ഇവിടുത്തെ ചെലവിൽ പരിഹരിക്കാൻ നോക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിടി തോമസ് എന്തിനാണ് കെപിസിസി പ്രസിഡന്റിന്റെ പേര് ഇവിടെ പറഞ്ഞത് എന്ന് അറിയില്ലെന്നും സൂചിപ്പിച്ചു. 

 

 

 

click me!