
കൊച്ചി: മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ (Loknath Behra) മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനെന്ന് മോൻസൻ മാവുങ്കൽ (Monson Mavunkal). മ്യൂസിയത്തിലെ തെളിവെടുപ്പിനിടെയാണ് മോൻസൻ ഇക്കാര്യം പറഞ്ഞത്. ബെഹ്റ മനോജ് എബ്രഹാമിനെയും (Manoj Abraham) കൂടെ കൂട്ടി. ഇരുവരെയും വഞ്ചിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു എന്നും മോൻസൻ പറഞ്ഞു.
ബെഹ്റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയിൽ (Anitha Pullayil) ആണ്. എസ് പി സുജിത് ദാസിൻ്റെ കല്യാണ തലേന്നാണ് താൻ ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്റയും മനോജും ഉള്ള ചിത്രം താൻ സമൂഹമാധ്യമങ്ങളിൽ ഇട്ടിട്ടില്ല. ഡ്രൈവർ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കണം. തൻ്റെ എഫ് ബി അക്കൗണ്ടും പരിശോധിക്കാമെന്നും മോൻസൻ പറഞ്ഞു.
ശിൽപ്പി സുരേഷിനൊപ്പമായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. താൻ നിർമിച്ച വിഷ്ണുവിൻ്റെ വിശ്വരൂപം ഉൾപ്പെടെ സുരേഷ് കാട്ടിക്കൊടുത്തു. അഞ്ച് വർഷം കൊണ്ടാണ് വിശ്വരൂപം നിർമിച്ചതെന്ന് സുരേഷ് പറഞ്ഞു. കുമ്പിൾ തടിയിൽ നിർമിച്ചതാണിത്. നിർമിച്ചപ്പോഴുള്ള ഫോട്ടോയും സുരേഷ് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു. പിന്നീട് പെയിൻറടിച്ച് മോൻസൻ അത് മോടിപിടിപ്പിച്ചു. മോൻസൻ തട്ടിച്ചില്ലായിരുന്നുവെങ്കിൽ താൻ ഓൺലൈനിലൂടെ അത് വില്പന നടത്തിയേനെ എന്ന് സുരേഷ് പറഞ്ഞു. സുരേഷിന് പണം കൊടുക്കാനുണ്ടെന്ന് മോൻസൻ സമ്മതിച്ചു.
പൊട്ടിച്ചിരിയും ബഹളവുമായി ആയിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. വിഗ്രഹങ്ങളെ കുറിച്ച മോൻസൻ്റെ വിശദീകരണങ്ങൾ തമാശമട്ടിലാണ് ഉദ്യോഗസ്ഥർ കേട്ടത്. ചില യഥാർത്ഥ പുരാവസ്തുക്കളും തന്റെ മ്യൂസിയത്തിൽ ഉണ്ടെന്ന് മോൻസൻ അവകാശപ്പെട്ടു. പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന്‍റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. എച്ച്എസ്ബിസി ബാങ്കിന്‍റേതടക്കം വ്യാജ രേഖകളുണ്ടാക്കിയതിന് ആരൊക്കെ സഹായിച്ചെന്നാണ് പരിശോധിക്കുന്നത്. പുരാവസ്തുക്കൾ ആർക്കും ഇതേവരെ വിറ്റിട്ടില്ലെന്നാണ് മോൻസൻ പറയുന്നതെങ്കിലും അന്വേഷണസംഘം വിശ്വസിക്കുന്നില്ല. മോൻസന്‍റെ വീട്ടിലെ പുരാവസ്തുക്കളുടെ ശാസ്ത്രീയ പരിശോധന ആർക്കിയോളജി ഉദ്യോഗസ്ഥർ ഇന്നും തുടരും. ചേർത്തലയിലെ വീട്ടിലടക്കം കൊണ്ടുപോയി തെളിവെടുക്കാനും ആലോചിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam