
കോട്ടയം: നെടുംകുന്നം റൂറൽ ഹൗസിംഗ് സഹകരണ സംഘത്തിൽ ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണവകുപ്പിന്റെ കണ്ടെത്തൽ. പണം തിരിച്ചടക്കണമെന്ന് കാട്ടി പ്രസിഡന്റിനും ഭരണസമിതി അംഗങ്ങൾക്കും സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. യുഡിഎഫിന്റെ 12 അംഗ ഭരണസമിതിയാണ് സഹകരണ സംഘം നിയന്ത്രിക്കുന്നത്.
സഹകരണ വകുപ്പിലെ സെക്ഷൻ 65 പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒരു കോടി പതിനാല് ലക്ഷത്തി അറുപത്തി ആറായിരത്തി മുപ്പത്തിനാല് രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. മുൻ പ്രസിഡന്റ് പിസി മാത്യു, നിലവിലെ പ്രസിഡന്റ് ശ്യാമളാ ദേവി, സെക്രട്ടറി അജിത്ത് എന്നിവരുടെ നേതൃത്ത്വത്തിൽ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ചിട്ടി നൽകുന്നതിലും, വായ്പ നൽകുന്നതിലും പണം തിരിമറി നടന്നുവെന്നാണ് വിലയിരുത്തൽ. നഷ്ടപ്പെട്ട പണം തിരിച്ച് നൽകാൻ നിദേശിച്ച് ഭരണസമിതി അംഗങ്ങൾക്ക് സഹകരണ വകുപ്പ് നോട്ടീസ് അയച്ചു. ഇക്കാര്യത്തിൽ ഹിയറിംഗ് നടപടികൾ പുരോഗമിക്കുകയാണ്. ക്രമക്കേടിൽ പ്രതിഷേധിച്ച് രാജി വച്ച അംഗത്തിനും പണം തിരിച്ചടക്കാൻ നിർദേശം കിട്ടി.
സഹകരണ വകുപ്പ് അന്വേഷണത്തേയും കണ്ടെത്തലിനേയും ചോദ്യംചെയ്ത് സംഘം നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു. ക്രമക്കേടിൽ വകുപ്പ് നടപടികളിൽ മാത്രം ഒതുങ്ങാതെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ തെറ്റുകാരല്ലെന്നും ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ ശരിയല്ലെന്നുമാണ് സംഘത്തിന്റെ ചുമതലയുള്ളവർ വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam