
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കല്ലിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും . ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്ന് ഹർജിയില്‍ ആരോപിക്കുന്നു. ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്‍റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസൺ അപേക്ഷയില്‍ ആരോപിക്കുന്നു
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ 14ാം തിയതിയാണ് ഹൈക്കോടതി തളളിയത്. ബലാത്സംഗ – പോക്സോ കേസുകളിലാണ് മോൻസണ്‍ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും ബലാത്സംഗം ചെയ്തെന്നായിരുന്നു കുറ്റം. ഇരുകേസുകളിലും കുറ്റപത്രം സമർപ്പിച്ചെന്നും വിചാരണ ഉടൻ തുടങ്ങുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തളളിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോൻസൺ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കൽ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
മോൻസണ് തേങ്ങയും മീനും കൊണ്ടുവരാൻ ഡിഐജി വാഹനം;കൊവിഡ് കാലത്ത് പാസുകൾ നൽകിയത് ഐജി ലക്ഷ്മണ-മുൻ ഡ്രൈവർ ജെയ്സൺ
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസണും പൊലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. മോൻസൺ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നാണ് മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തിയിരിക്കുന്നത്. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറഞ്ഞു.
ഐ ജി ലക്ഷണയ്ക്ക് എതിരെയും ആരോപണം ഉണ്ട്. കൊവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകി. മോൻസന്റെ കലൂരിലെ വീട്ടിൽ നിന്ന് ഐ ജി യുടെ പേരിൽ ആണ് പാസ് നൽകിയതെന്നും പരാതിയിൽ പറയുന്നു.ഇതെല്ലാം വ്യക്തമാക്കുന്ന വാട്സ് ആപ് ചാറ്റും ഫോൺ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്
പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരുടെ ആവശ്യം. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിറകെ ആണ് നീക്കം.
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകൾ പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണം നടത്താൻ പരിമിതികൾ ഉണ്ട്. യാഥാർത്ഥ പ്രതികൾ പലരും ഇപ്പോഴും പിടിയിലായില്ല. സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടു നിൽക്കുന്നതാണ് തട്ടിപ്പ്. സിബിഐ അന്വേഷണം അനിവാര്യമെന്നും പരാതിക്കാരൻ യാക്കൂബ് പുതിയപുരയിൽ പറയുന്നു.
മോൻസൻ മാവുങ്കലിനെതിരായ കേസിൽ ആരോപണവിധേയരായ പൊലീസുദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കുന്നുണ്ട്. ഐ ജി ലക്ഷ്മണയടക്കമുളള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാനായി ഈ മാസം 10ല്‍ നിന്ന് മാറ്റുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് കോടതിയിൽ ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസനിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.
പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥർ മോൻസനുമായി അടുപ്പം പുലർത്തിയിരുന്നു. ക്രൈംബ്രാഞ്ച് മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസനുമായി വലിയ അടുപ്പവും ഉണ്ടായിരുന്നു. എന്നാൽ ഇവര്‍ തട്ടിപ്പിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ പ്രതിയാക്കാനുള്ള തെളിവില്ലെന്നുമാണ് റിപ്പോര്‍ട്ട്. അതേ സമയം, സസ്പെൻഷനും വകുപ്പുതല അന്വേഷണവും തുടരുകയാണെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. മോൻസന്‍റെ കൊച്ചിയിലെ വീട്ടിൽ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണെന്നാണ് ന്യായീകരണം. എന്നാൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസന് കൈമാറിയത്. സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.