ഇപ്പോൾ 'മൺസൂൺ ബ്രേക്ക്'; ജൂലൈ അവസാനത്തോടെ മഴ ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷ

By Web TeamFirst Published Jul 1, 2021, 4:02 PM IST
Highlights

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസങ്ങളിലൊന്നാണ് കടന്നു പോയത്. 39 വർഷത്തിനിടയിൽ ഏറ്റവും മഴക്കുറവുണ്ടായ മൂന്നാമത്തെ ജൂൺ മാസമാണ് കഴിഞ്ഞത്

തിരുവനന്തപുരം: മൺസൂൺ മഴയിൽ ഇത്തവണ കാര്യമായ കുറവുണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ദർ. ഇപ്പോൾ മഴ മാറി നിൽക്കുന്നത് മൺസൂൺ ബ്രേക്ക് എന്ന പ്രതിഭാസം മൂലമാണ്. ജൂലൈ അവസാനത്തോടെ മഴ ശക്തി പ്രാപിച്ചേക്കാമെന്നാണ് കണക്കുകൂട്ടൽ.

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസങ്ങളിലൊന്നാണ് കടന്നു പോയത്. 39 വർഷത്തിനിടയിൽ ഏറ്റവും മഴക്കുറവുണ്ടായ മൂന്നാമത്തെ ജൂൺ മാസമാണ് കഴിഞ്ഞത്. 2021 ജൂൺ ഒന്ന് മുതൽ 30 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടത് 643 മില്ലിലിറ്റർ മഴയാണ്. കിട്ടിയത് 408 മില്ലിലിറ്ററും. 36 ശതമാനം കുറവ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും മഴ ശക്തമായ ജൂലൈ പാതിക്ക് ശേഷമാണെങ്കിലും ഇത്തവണ അത്തരമൊരു വലിയ മഴ പ്രതീക്ഷിക്കാനാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.

ഇന്ത്യയിലാകെ ഇന്നലെ വരെ കിട്ടിയ മഴ ശരാശരിയിലും പത്ത് ശതമാനം അധികമാണ്. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലാണ് മഴ കുറഞ്ഞത്. മൺസൂൺ ആരംഭിച്ച ശേഷം പെട്ടന്ന് മഴ കിട്ടാതാകുന്നതിനെയാണ് മൺസൂൺ ബ്രേക്ക് എന്ന് പറയുന്നത്. കേരളത്തിൽ കിട്ടേണ്ടിയിരുന്ന മഴയെ ഇത്തവണ കൊണ്ടുപോയതിന്റെ ഒരു കാരണമിതാണ്. മൺസൂണിന് മുൻപായി ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ രണ്ട് ചുഴലിക്കാറ്റുകളും മഴ ദുർബലമാകാൻ കാരണമായി. ആഗോള കാലാവസ്ഥാപ്രതിഭാസങ്ങളും മഴ കുറയുന്നതിന് കാരണമായെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!