
തിരുവനന്തപുരം: മണ്‍സൂണ്‍ മഴ കേരളതീരത്ത് എത്താനുള്ല എല്ലാ സാഹചര്യങ്ങളും ഒരുങ്ങി കഴിഞ്ഞതായും ഇനിയുള്ള ഏത് നിമിഷവും കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ എപ്പോള്‍ വേണമെങ്കിലും കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
മഴമേഘങ്ങള്‍ കേരളതീരം തൊട്ടുന്നതിന് സൂചനയായി ലക്ഷദ്വീപില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നല്ല മഴ രേഖപ്പെടുത്തി. ഇന്ത്യന്‍ ഉപഭൂഖണ്ഡലത്തില്‍ കേരളം വഴിയാണ് മണ്‍സൂണ്‍ പ്രവേശിക്കാറ് അതിനാല്‍ തന്നെ കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതോടെയാണ് രാജ്യത്തെ മഴക്കാലവും തുടങ്ങുന്നതായി കണക്കാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ കാലത്തിന് സമാനമായ മഴയാണെന്ന് സ്കൈമെറ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ആഴ്ച മുഴുവന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയായിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലും നല്ല രീതിയില്‍ മഴ പെയ്തു. ബംഗ്ലാദേശിന് സമീപം ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനുള്ള സാഹചര്യങ്ങളും രൂപപ്പെട്ട് വന്നു. എന്നാല്‍ കാറ്റിന്‍റെ വേഗതയും ദിശയും ഒപ്പം നിശ്ചിതപ്രദേശം മുഴുവനായി മിനിമം അളവില്‍ മഴ ലഭിക്കുകയും ചെയ്താല്‍ മാത്രമേ കാലവര്‍ഷം ആരംഭിച്ചതായി പ്രഖ്യാപിക്കാന്‍ സാധിക്കൂ.
നിലവില്‍ കേരളത്തില്‍ ഒറ്റപ്പെട്ട് രീതിയില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. തീരപ്രദേശത്ത് കാറ്റിന്‍റെ വേഗത 30-35 കീമീ ആയി ഉയര്‍ന്നു. സംസ്ഥാനത്ത് കൊച്ചി നഗരത്തിലാണ് കൂടുതല്‍ മഴ പെയ്തത്. 42 മില്ലിമീറ്റര്‍. തിരുവനന്തപുരത്തും ആലപ്പുഴയിലും 41 മി.മീ വീതം പെയ്തു. കൊച്ചിയില്‍ ഇന്നലെ 50 മി.മീ മഴ പെയ്തതായി സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2016ന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കാലവര്‍ഷം വൈകുന്നത്. കഴിഞ്ഞ 2 വര്‍ഷവും ജൂണ്‍ പിറക്കുന്നതിന് മുന്‍പ് കേരളത്തില്‍ കാലവര്‍ഷം എത്തിയിരുന്നു. 2016ല്‍ ജൂണ്‍ 8നാണ് കാലവര്‍ഷം തുടങ്ങിയത്. കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂരില്‍ തിങ്കളാഴ്ചയും,എറണാകുളം,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയും റെഡ് അലര്‍ട്ടായിരിക്കും. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജിന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam