
കൊച്ചി: സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ. കാലവർഷത്തിന് മുൻപ് കേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തവണ വൈകി ജൂൺ നാലിനേ കാലവർഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവർഷം വൈകാൻ കാരണം.
ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കേരളത്തിലൂടെയാണ് കാലവർഷം വടക്കേ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗമുണ്ടാകാൻ കാരണം. 96 ശതമാനം മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാൽ മഴ കുറയുമെന്നാണ് ചില സ്വകാര്യ കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ള പശ്ചാത്തലത്തിൽ കൃത്യമായ മുൻകരുതൽ വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
അതേസമയം, കൊടുംചൂടിൽ വിയർത്തൊലിക്കുകയാണ് കേരളം. ഇന്നലെ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നായിരുന്നു മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി ഉയർന്ന താപനിലയും ആർദ്രതയും കലർന്ന അസ്വസ്ഥകരമായ കാലാവസ്ഥ തുടർന്നേക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു.
പകൽ സമയങ്ങളിൽ സൂര്യപ്രകാശം ഏറെ നേരം നേരിട്ട് ഏൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam