മൈസൂരുവിനടുത്തുള്ള ഇഞ്ചി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഷാജിയും ബെന്നിയും സഞ്ചരിച്ച ജീപ്പ് റോഡിന്റെ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം.

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഉണ്ടായ വാഹനപകടത്തില്‍ കാപ്പി വ്യാപാരിയും മില്ലുടമയുമായ മലയാളി മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54) വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഷാജിയുടെ ബന്ധുവായ കരണി നെല്ലിക്കുന്നേല്‍ ബെന്നിക്കാണ് (46) പരിക്കേറ്റത്. ഇദ്ദേഹം മൈസൂരു ജെജെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൈസൂരുവിനടുത്തുള്ള ഇഞ്ചി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഷാജിയും ബെന്നിയും സഞ്ചരിച്ച ജീപ്പ് റോഡിന്റെ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം. ശബ്‍ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറമെ ഷാജിക്ക് കാര്യമായ പരിക്ക് ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. പ്രദേശവാസികള്‍ ഇരുവരെയും മൈസുരുവിലെ ജെജെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ശ്വാസതടസമുണ്ടാകുകയും ഷാജി മരണപ്പെടുകയുമായിരുന്നു.

സേവ്യര്‍-മറിയാമ്മ ദമ്പതികളുടെ മകനാണ്. മുട്ടില്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മുന്‍ അംഗം കൂടിയായ നിഷയാണ് ഭാര്യ. മക്കള്‍: ഫെമിന്‍ ഷാജി, ടോംസ്, ജെയ്സ് ഷാജി. അതേസമയം, കോഴിക്കോട് വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടതിന്‍റെ ദുഖത്തിലാണ് നാട്ടുകാര്‍. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിൻ ബാബു (30) ആണ് മരിച്ചത്.

വടകര കണ്ണൂക്കര ദേശീയപാതയിൽമടപ്പളളിക്കും കേളുബസാറിനുമിടയിൽ മാച്ചിനാരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. ബൈക്കിൽ മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ വ്യായാമത്തിനു പോകുമ്പോഴാണ് സുബിൻ അപകടത്തിൽപെട്ടത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് മരണം. ബാബുവിന്റെയും ലളിതയുടെയും മകനാണ്. സഹോദരി: സുമി. 

കയ്യിലൊരു പൊതി, വള്ളിക്കുന്നത്തേക്ക് വണ്ടി കാത്തുനിന്നു, പക്ഷെ സഞ്ചുവിനായി എത്തിയത് പൊലീസ് വണ്ടി!