
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം തുടങ്ങിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തെ ജൂൺ എട്ടോടെ മാത്രമേ കാലാവർഷം കേരളത്തിൽ എത്തൂം എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. എന്നാൽ അറബിക്കടലിൽ രൂപം കൊണ്ട ഇരട്ടന്യൂനമർദ്ദവും കാറ്റിൻ്റെ ഗതി അനുകൂലമായതും കാലവർഷത്തെ നേരത്തെ കേരളതീരത്ത് എത്തിക്കുകയായിരുന്നു.
അതേസമയം അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ കരുത്താർജ്ജിച്ചു വരികയാണ്. വരും മണിക്കൂറുകളിൽ ഈ ന്യൂനമർദ്ദം നിസർഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയിൽ കരം തൊടും എന്നാണ് പ്രവചനം.
മെയ്മാസം പത്തിനുശേഷം മിനിക്കോയ് , അഗത്തി, തിരുവനന്തപുരം ,പുനലൂർ ,കൊല്ലം ,ആലപ്പുഴ , കോട്ടയം ,കൊച്ചി ,തൃശൂർ ,കോഴിക്കോട് , തലശ്ശേരി ,കണ്ണൂർ , കാസർകോട് , മംഗലാപുരം എന്നീ പതിനാലിടങ്ങളിൽ അറുപതു ശതമാനത്തിനു മുകളിൽ സ്ഥലങ്ങളിൽ ( ഒന്പതിലധികം ഇടങ്ങളിൽ ) തുടർച്ചയായ രണ്ടു ദിവസങ്ങളിൽ 2. 5 മില്ലി മീറ്ററിൽ കൂടുതൽ മഴപെയ്താൽ തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതായി കണക്കാക്കാം. ഇതു കൂടാതെ വേറെയും സൂചകങ്ങളെ കാലവർഷത്തിൻ്റെ വരവ് നിർണയിക്കാൻ പ്രയോജനപ്പെടുത്താറുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam