
മുണ്ടംവേലി: എറണാകുളം മുണ്ടംവേലി പി ആൻ ടി ഫ്ലാറ്റ് നിവാസികളുടെ പുനരധിവാസത്തിൽ ഇനിയും തീരുമാനമായില്ല. ഫ്ലാറ്റ് വാസയോഗ്യമല്ലെന്നും അടിയന്തരമായി മാറ്റിപാർപ്പിക്കണമെന്നും കളക്ടറും അമിക്കസ് ക്യൂറിയും റിപ്പോർട്ട് നൽകിയിട്ടും നടപടികൾ ഇഴഞ്ഞു തന്നെ. മുണ്ടംവേലിക്കാർക്ക് പകരമായി പാർപ്പിടം നൽകണോ പണം നൽകണോ എന്നതിൽ പോലും ഇതുവരെ ധാരണയായിട്ടില്ല. അപ്പാർട്ട്മെന്റുകളിൽ ചോർച്ച, ഭിത്തികളിൽ വിള്ളൽ, വൈദ്യുതി സംവിധാനങ്ങളിലെ തുരുമ്പ്, കവിഞ്ഞൊഴുകുന്ന സെപ്റ്റിക് ടാങ്ക്, ഹൈടെൻഷൻ വൈദ്യുതി ലൈൻ മൂലം കെട്ടിടത്തിനുള്ള സുരക്ഷാ ഭീഷണി. അടിയന്തരമായി ഫ്ലാറ്റിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്ന കളക്ടറുടെ റിപ്പോർട്ടിന് പിന്നാലെ അമിക്കസ് ക്യൂറിയുടെ കണ്ടെത്തലും ഇതുതന്നെ.
ജീവനു തന്നെ ഭീഷണിയുള്ള ഫ്ലാറ്റിൽ നിന്ന് എത്രയും പെട്ടെന്ന് സുരക്ഷിത ഇടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഫ്ലാറ്റിലുള്ളവർ സമരം തുടരുമ്പോഴും നടപടികൾ ഒന്നുമായില്ല. തദ്ദേശവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നതല്ലാതെ തീരുമാനം എടുത്തിട്ടുമില്ല. തുലാമഴ പെയ്യുമ്പോൾ ഇവിടുത്തെ മനുഷ്യരുടെ ദുരിതം ഇരട്ടിയാകുന്നു. ഫ്ലാറ്റിൽ അറ്റകുറ്റപ്പണികൾ സാധ്യമാകുമോ എന്ന് പരിശോധിക്കാൻ തദ്ദേശ വകുപ്പ് ടെക്നിക്കൽ കമ്മിറ്റിക്കും നിർദേശമുണ്ട്. മുഖ്യമന്ത്രി തന്നെ പൊളിച്ചു കളയേണ്ടി വരുമെന്ന് പറഞ്ഞ ഫ്ലാറ്റിൽ ഇനി അറ്റകുറ്റപ്പണി കൊണ്ട് എന്ത് കാര്യമെന്ന ചോദ്യമുണ്ട്. നിർമാണ ക്രമക്കേടിലെ വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോൾ ജീവനും കയ്യിൽ പിടിച്ച് സുരക്ഷിത സ്ഥാലം കാത്തിരിക്കുകയാണ് 78 കുടുംബങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam