Latest Videos

തലശ്ശേരിയിലെ സദാചാര ആക്രമണം; പ്രത്യുഷിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

By Web TeamFirst Published Jul 11, 2022, 1:29 PM IST
Highlights

പൊലീസിനെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകളാണ് പ്രത്യുഷിനെതിരെ ചുമത്തിയിട്ടുള്ളത് 

കണ്ണൂർ: തലശ്ശേരിയിൽ പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരയാകുകയും പൊലീസിനെ ആക്രമിച്ചു എന്ന കേസിൽ അറസ്റ്റിലാകുകയും ചെയ്ത പ്രത്യുഷിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. തലശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയിൽ കടൽപ്പാലം കാണാൻ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്. രാത്രി കടൽപ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു. പൊലീസിനെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രത്യുഷിനെതിരെ കേസെടുത്തത്. 

സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന എസിപി നാളെ റിപ്പോർട്ട് സമർപ്പിച്ചേക്കും. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. തലശ്ശേരി ഇൻസ്പെക്ടർക്കും എസ്ഐക്കുമെതിരെയാണ് വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സർട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മീഷണ‌ർ ആർ. ഇളങ്കോ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. 

പൊലീസ് അകാരണമായി മർദ്ദിക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ മേഘ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

 

click me!