
റാന്നി: പത്തനംതിട്ട റാന്നി വാഴക്കുന്നത്ത് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികളാണ് തങ്ങൾക്ക് നേരെ ആക്രമണമുണ്ടായി എന്നാരോപിച്ച് രംഗത്തെത്തിയത്. സ്ത്രീ ഉൾപ്പെട്ട ഒരു സംഘം മർദ്ദിച്ചെന്ന് കാണിച്ച് വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവർ ആറന്മുള പൊലീസിൽ പരാതി നൽകി. മൂന്ന് ആൺകുട്ടികളും 2 പെൺകുട്ടികളും പാലത്തിൽ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം എന്നും വിദ്യാർത്ഥികൾ പറഞ്ഞു.
കാറിലെത്തിയ മൂന്ന് പേരാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ആറന്മുള പൊലീസിൽ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. പാലത്തിൽ നിന്ന് തള്ളിയിടാൻ നോക്കി, ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെ സംഘം അസഭ്യം പറഞ്ഞെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.