കാലവര്‍ഷ കെടുതി, വയനാട് മാത്രം നശിച്ചത് രണ്ടര ലക്ഷത്തോളം വാഴകൾ; 100 ഹെക്ടറിലധികം കൃഷി, 14 കോടിയിലറെ നഷ്ടം

By Shamil AmeenFirst Published Jul 13, 2022, 12:04 AM IST
Highlights

ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്. 98.06 ഹെക്ടറിലെ 246587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. 2,07,583 കുലച്ചവാഴകളും 39005 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചത്

കൽപ്പറ്റ: ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 102.3  ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവാഴ്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍. ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്. 98.06 ഹെക്ടറിലെ 246587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. 2,07,583 കുലച്ചവാഴകളും 39005 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചത്. വാഴ കര്‍ഷകര്‍ക്ക് മാത്രം 14.01 കോടിയുടെ നഷ്ടമുണ്ടായി. തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും മഴയിൽ നാശം നേരിട്ടിട്ടുണ്ട്.

കൃഷി നാശം നേരിട്ട കര്‍ഷകർ 10 ദിവസത്തിനകം പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനായി എയിംസ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വിള ഇന്‍ഷൂറന്‍സ് ചെയ്ത കര്‍ഷകർ ഇന്‍ഷൂറന്‍സിനും പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനും ഇതേ പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. കാലംതെറ്റിയുള്ള കാലാവസ്ഥമൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. മിക്ക കർഷകരും ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. സർക്കാരിന്‍റെ നഷ്ടം പരിഹാരം ലഭിച്ചാൽ പോലും കടബാധ്യത തീർക്കാനാവില്ലെന്നാണ് കർഷകരുടെ പരാതി.

ജില്ലയില്‍ 53 വീടുകള്‍ ഭാഗീകമായി തകര്‍ന്നു

വയനാട് ജില്ലയിൽ കനത്ത മഴയില്‍  53 വീടുകൾ ഭാഗീകമായി തകര്‍ന്നു.  രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എട്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ നാശനഷ്ടം. 30 വീടുകളാണ് വൈത്തിരിയിൽ ഭാഗികമായി തകര്‍ന്നത്. മാനന്തവാടിയില്‍ 16 വീടുകള്‍ക്കും ബത്തേരിയിൽ 7 വീടുകള്‍ക്കുമാണ്  കേടുപാട് സംഭവിച്ചത്. ജില്ലയില്‍ നിലവിൽ 7 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 372 പേരെയാണ് കനത്ത മഴയെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ നിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചത്.

click me!