
കോഴിക്കോട് : നിയമനത്തിന് കോഴ നൽകിയ കേസിൽ ഇടനിലക്കാരൻ അഖിൽ സജീവ് കോഴിക്കോട് കുന്ദമംഗലത്തും തട്ടിപ്പ് നടത്തി. തട്ടിപ്പിന് കൂട്ട് നിന്നത് നിയമന കോഴക്കേസിലെ കൂട്ടാളിയായ അഡ്വ. ലെനിൻരാജാണെന്ന് പരാതിക്കാർ ആരോപിച്ചു. പത്തിലേറെ പേർക്കാണ് ഒരു ലക്ഷം രൂപ വരെ നഷ്ടമായതെന്നാണ് വിവരം.
ഇൻസൈഡ് ഇന്റീരിയർ എന്ന, കുറഞ്ഞ ചെലവിൽ കിച്ചൺ ഇന്റീരിയർ ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് അഖിൽ സജീവും പങ്കാളികളും പണം പറ്റിയത്. വീടുപണി നടക്കുന്നയാളുകളിൽ നിന്ന് 10000 രൂപ മുതൽ ഒരു ലക്ഷം വരെ വാങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ പ്രമുഖ സിനിമാതാരമെത്തുമെന്ന് കാണിച്ചാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്. പറഞ്ഞ പണം കിട്ടാതെ നടി പിന്മാറി. പണം വാങ്ങിച്ചവർക്ക് പണി ചെയ്ത് കൊടുക്കാത്തതിന്റെ പേരിൽ തുടക്കം മുതലേ മുറുമുറുപ്പുണ്ടായതോടെ സ്ഥാപനത്തിന്റെ നടത്തിപ്പ് പാളി. 15 ദിവസത്തിനുള്ളിൽ സ്ഥാപനം പൂട്ടി. അന്ന് മുങ്ങിയ അഖിൽ സജീവിനും കൂട്ടാളികൾക്കുമെതിരെ പണം നൽകിയ പത്തിലേറെ പേരാണ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്. സ്ഥാപനം തുടങ്ങാനായി വാടകക്കെടുത്ത കെട്ടിടത്തിന് അഡ്വാൻസും വാടകയും നൽകാതെ മുങ്ങിയതിൽ കെട്ടിടമുടമയും അഖിൽ സജീവിനെതിരെ പരാതി നൽകിയിരുന്നു.
സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്നും പരാതിക്കാരുടെ കയ്യിൽ പണം നൽകിയതിന് തെളിവില്ലെന്നും കാണിച്ച് കുന്ദമംഗലം പൊലീസ് പരാതിയിൽ കേസെടുത്തിട്ടില്ല. ഒത്തുതീർപ്പിനായി അഡ്വ. ലെനിൻ രാജ് ഇടപെടുകയും ചിലർക്ക് പണം തിരിച്ചുനൽകുകയും ചെയ്തു. കൊടുത്ത പണത്തിന് തെളിവില്ലാത്തത് കൊണ്ട് പരാതി കൊടുക്കാനാവാതെ പലരും നാലു മാസത്തിന് ശേഷവും ഇപ്പോഴും ആനപ്പാറയിലെ ഇൻസൈഡ് ഇന്റീരിയർ ഓഫീസിലെത്തുന്നുണ്ടെന്നാണ് സമീപത്തുള്ളവർ പറയുന്നത്.