തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ച പൂർണിമാ മോഹൻ യുജിസി ഫണ്ട് കൈപ്പറ്റിയിട്ടും സംസ്കൃത ഭാഷ നിഘണ്ടു തയ്യാറാക്കിയില്ലെന്ന വിവരവും പുറത്ത്. സംസ്കൃത സർവ്വകലാശാലാ പ്രൊഫസറായിരിക്കെ കൈപ്പറ്റിയ തുക സർവ്വകലാശാല നിരന്തരം ആവശ്യപ്പെട്ട പ്രകാരം തിരിച്ചടച്ചുവെന്നാണ് വിവരം. നിഘണ്ടു നിർമ്മാണത്തിൽ പൂർണിമാ മോഹന് പ്രാപ്തിയില്ലെന്ന് തെളിഞ്ഞതായി കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി.
മലയാള മഹാനിഘണ്ടു മേധാവി സ്ഥാനത്ത് പൂർണിമാ മോഹനെ യോഗ്യതാമാനദണ്ഡങ്ങൾ തിരുത്തി നിയമിച്ചത് വിവാദമാകുമ്പോഴാണ് മറ്റൊരു ഭാഷാനിഘണ്ടു പദ്ധതിയിൽ വരുത്തിയ വീഴ്ച്ചകൾ പുറത്തു വരുന്നത്. യുജിസിയുടെ സംസ്കൃതഭാഷാ നിഘണ്ടുവിന് 2012ലാണ് തുകയനുവദിച്ച് സർവ്വകലാശാലയ്ക്ക് കൈമാറിയത്. ദ്രാവിഡ ഭാഷയുടേയും ഇൻഡോ യൂറോപ്യൻ ഭാഷകളുടെയും മൾട്ടികൾച്ചറൽ നിഘണ്ടു തയ്യാറാക്കാനായിരുന്നു ദൗത്യം.
ഇതിനായി അനുവദിച്ചത് ഏഴു ലക്ഷത്തി എൺപതിനായിരം രൂപ. രണ്ട് വർഷത്തിനുള്ളിൽ തീർക്കേണ്ട ദൗത്യം അഞ്ചു വർഷം പിന്നിട്ടിട്ടും തുടങ്ങുക പോലും ചെയ്തില്ല. നിരവധി തവണ പണം തിരിച്ചടക്കാൻ സർവ്വകലാശാല ആവശ്യപ്പെട്ടശേഷം 2017ൽ പണം തിരിച്ചടച്ചു. ഈ വിഴ്ച്ചകൾ കൂടി ഉന്നയിച്ചാണ് നിയമനത്തെ നേരത്തെ ചോദ്യം ചെയത സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പൂർണ്ണിമയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്.
നിഘണ്ടു നിർമ്മാണത്തിൽ പൂർണമാ മോഹന് അറിവില്ലെന്ന് ഈ ഉദാഹരണ സഹിതം കാട്ടിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. സംസ്കൃത നിഘണ്ടു വിവാദത്തിൽ പൂർണിമാ മോഹന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam