
കോഴിക്കോട്: മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഷഹനാസിന്റെ പ്രതികരണം. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി.
‘’ഞാൻ നേരത്തെ തന്നെ, ഞങ്ങളുടെ കമ്മിറ്റിയിൽ, ഞങ്ങളുടെ പ്രസിഡന്‍റായിരുന്ന, അന്നത്തെ എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ എംഎൽഎയോട് സൂചിപ്പിച്ചിട്ടുണ്ട്. എനിക്കൊരു അനുഭവം ഉണ്ടായത് കൊണ്ട് മാത്രമല്ല, എന്നെപ്പോലെ തന്നെ യൂത്ത് കോണ്‍ഗ്രസിന്‍റെ അന്നത്തെ ഭാരവാഹികള്‍ ആയിരുന്ന സ്ത്രീകള്‍ക്കും അന്ന് മഹിള കോണ്‍ഗ്രസിന്‍റെ - ഞാൻ വിചാരിക്കുന്നത്- രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അമ്മയുടെ സ്ഥാനമുള്ള, അത്രയും മുതിര്‍ന്ന സ്ത്രീകള്‍ക്കും ഇത്തരത്തിലുളള സമാനമായ അനുഭവങ്ങള്‍ ഉണ്ടായി എന്ന് ഞാൻ അറിഞ്ഞത് കൊണ്ടാണ് ഞാനത് അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനം ഒരുപാട് പെണ്‍കുട്ടികള്‍ക്ക് കടന്നുവരാനുള്ള സ്പേസാണ്. അത് ഇദ്ദേഹത്തെ പോലെയുള്ള ഒരാള്‍ പ്രസിഡന്‍റാകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് കടന്നുവരാനുള്ള സ്പേസ് കുറയുമെന്ന് ഞാൻ ഷാഫിയോട് പറഞ്ഞു. അദ്ദേഹമതിന് ഒരു പരിഗണനയും തന്നിട്ടില്ല. അദ്ദേഹത്തിന്‍റെ മൌനം പരിഹാസമായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. ഒരു പെണ്‍കുട്ടിയാണ് വന്ന് പറഞ്ഞത്. പറയാത്ത ഒരുപാട് പേരുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അത്തരം സ്ത്രീകളുടെ മാനത്തിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം കൂടി ഷാഫി പറമ്പിൽ എംപിക്ക് ഇന്നുണ്ട്. ഷഹനാസ് പറയുന്നത് കള്ളമാണെന്ന് നാളെ ഷാഫി പറമ്പിൽ എംപി മീഡിയാസിനോടോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലോ ഷെയര്‍ ചെയ്യട്ടെ. അതിനുള്ള തെളിവുമായിട്ട് ശക്തമായിട്ട് തന്നെ ഞാൻ മുന്നോട്ട് വരും. അതിലൊരു മടിയുമില്ല. കാരണം അവരൊക്കെ അങ്ങനെയൊക്കെ പറയും പ്രവര്‍ത്തിക്കും എന്നറിയാത്ത വിഡ്ഢിയൊന്നുമല്ല. തെളിവില്ലാതെ സോഷ്യൽ മീഡിയയിൽ വന്ന് പറയാൻ മാത്രം പൊട്ടിയല്ല ഞാൻ. രാഹുൽ ഈ സംസാരിച്ചതിന് മാത്രമല്ല, ഇനിയും ഒരുപാട് സംസാരിച്ചതിന് തെളിവുകള്‍ എന്‍റെ കയ്യിലുണ്ട്. സോഷ്യൽ മീഡിയയിൽ എന്നെ വളരെ മോശമായി പറഞ്ഞുകൊണ്ടിരിക്കുന്ന, രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും ഷാഫി പറമ്പിൽ എംപിയുടെയും ആളുകളുണ്ടാകും. അതെന്നെ ഭയപ്പെടുത്താത്തത് ഞാനത് അതിജീവിച്ച് വന്നത് കൊണ്ടാണ്. ചിലപ്പോള്‍ എന്‍റെ രാഷ്ട്രീയ പാര്‍ട്ടിയിൽ നിന്ന് എന്നെ പുറത്താക്കുമായിരിക്കാം. എന്നിട്ട് പോലും ഞാനിത് പറയുന്നുണ്ടെങ്കിൽ ഒരു സ്ത്രീപക്ഷമിവിടെ ഉണ്ടാകണം, രാഷ്ട്രീയങ്ങള്‍ക്ക് അതീതമായിട്ടെന്ന് ഉറച്ച ആഗ്രഹം ഉള്ളത് കൊണ്ടാണ്.'' ഷഹനാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതിങ്ങനെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam