പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്ന സംഭവം; രണ്ട് പേർ കൂടി പിടിയിൽ

By Web TeamFirst Published Sep 27, 2019, 7:48 PM IST
Highlights

കൊല്ലപ്പെട്ട രാജന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാജന്റെ ഭാര്യയും മകളും പ്രതികളോട് ക്ഷോഭിച്ചു.

ത‍ൃശ്ശൂർ: തൃശ്ശൂർ മാപ്രാണത്ത് പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. പറപ്പൂക്കര സ്വദേശി അനീഷ്, പാഴായി സ്വദേശി ഗോകുൽ എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. കരിവന്നൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാപ്രാണം സ്വദേശിയും ലോട്ടറി വ്യാപാരിയുമായ രാജൻ കൊല്ലപ്പെട്ടത്. സിനിമ തിയേറ്ററിന്‍റെ മുന്നിലെ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാജന് നേരെ ആക്രമണം നടക്കുകയായിരുന്നു. കേസിലെ മുഖ്യ പ്രതിയായ തീയറ്റർ നടത്തിപ്പുകാരൻ സഞ്ജയ് രവിയും കൂട്ടാളി മണികണ്ഠനും നേരത്തെ പിടിയിലായിരുന്നു. ഇതര സംസ്ഥാനത്തെ ഒളിച്ച് കഴിഞ്ഞിരുന്ന അനീഷും ഗോകുലും നാട്ടിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട രാജന്റെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാജന്റെ ഭാര്യയും മകളും പ്രതികളോട് ക്ഷോഭിച്ചു.

അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രാജന്റെ മരുമകൻ വിനു പ്രതികളെ തിരിച്ചറിഞ്ഞു. സെപ്തംബർ പതിമൂന്നിന് രാത്രിയാണ് മാപ്രാണം സ്വദേശിയായ രാജനെ ഒരു സംഘം ആളുകൾ വീടു കയറി ആക്രമിച്ചത്. വീടിനടുത്തുള്ള വർണ തീയറ്ററിലെത്തുന്ന വാഹനങ്ങൾ വീടിന് മുന്നിൽ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. തർക്കം മൂത്തതോടെ സംഘം രാജനെ ആക്രമിക്കുകയായിരുന്നു. രാജൻ പിന്നീട് ആശുപത്രിയിൽവച്ചാണ് മരിച്ചത്.

click me!