വെട്ടിച്ചിറയിൽ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിലായി. വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് പൊലീസ് പിടിയിലായത്
മലപ്പുറം: മലപ്പുറം വെട്ടിച്ചിറയിൽ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിലായി. വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് പൊലീസ് പിടിയിലായത്. ഇയാളെ തിരൂരിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചക്കാണ് മോഷണം നടന്നത്. സാക്കിർ നഫീസയെ ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു. എസ്ഐആർ വിവര ശേഖരത്തിനെന്ന പേരിൽ സ്ത്രീ വേഷം ധരിച്ചാണ് സാക്കിർ നഫീസയുടെ വീട്ടിലെത്തിയത്. പ്രതിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെ മറ്റുള്ളവർ പള്ളിയിൽ പോയ തക്കം നോക്കിയാണ് സാക്കിർ ഹംസയുടെ വീട്ടിലെത്തിയത്. വീട്ടിൽ ഹംസയുടെ ഭാര്യ നഫീസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എസ്ഐആർ വിവര ശേഖരത്തിനെന്ന പേരിലാണ് സാക്കിർ എത്തിയത്. വീട്ടിലെത്തി ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയും ഇതെടുക്കാൻ വീട്ടുകാരി അകത്തു കയറിയ തക്കം നോക്കി പ്രതി വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുകയുമായിരുന്നു. വീട്ടമ്മയെ മര്‍ദിച്ചു. കഴുത്തിൽ നിന്ന് സ്വര്‍ണ മാലയും കയ്യിൽ ഉണ്ടായിരുന്ന സ്വര്‍ണ വളയും കവര്‍ന്ന് കടന്നുകളയുകയായിരുന്നു. നഫീസയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്. പ്രതിയിൽ നിന്നും സ്വർണാഭരണങ്ങൾ കണ്ടെടുത്തു.


