
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്. എസ് ഐ സാബു അടക്കം നാല് പേരുടെ അറസ്റ്റാണ് ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ രാജ്‍കുമാറിനെ കസ്റ്റഡിയിൽ മര്‍ദ്ദിച്ച സംഭവത്തിൽ ഒമ്പത് പേര്‍ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കേസിലെ സാക്ഷികൾ മൊഴി നൽകിയിട്ടുള്ളത്. അത് കൊണ്ടു തന്നെ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് സംഘം നൽകുന്നത്.
പൊലീസ് സ്റ്റേഷനിലെ 52 പൊലീസുകാരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. രാജ്കുമാര്‍ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നാല് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരെയും വിശദമായി ചോദ്യം ചെയ്തെങ്കിലും കുടുതൽ അറസ്റ്റിലേക്ക് നയിക്കാൻ പാകത്തിൽ വിവരങ്ങളൊന്നും ഇവരിൽ നിന്ന് കിട്ടിയിട്ടില്ല. നിലവിൽ അറസ്റ്റിലായ എസ് ഐ സാബു അടക്കം നാല് പേരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായാണ് എസ് ഐ സാബുവിനെ പീരുമേട് കോടതിയിൽ ഹാജരാക്കിയത്.
രാജ് കുമാറിനെ മര്‍ദ്ദിക്കാനുള്ള സാഹചര്യത്തെ കുറിച്ച് കൂടുതൽ വ്യക്തതയും തെളിവുകളും ആവശ്യമെന്നിരിക്കെ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാം പ്രതി റിജിമോനെയും മൂന്നാം പ്രതി റിയാസിനെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
Read more:നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ഫോൺ ചോർത്തുന്നതായി ആരോപണം
അതേസമയം ജയിലിലുണ്ടായ വീഴ്ച പരിശോധിക്കാൻ നിയോഗിക്കപ്പെട്ട മധ്യമേഖലാ ഡിഐജി അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. തീര്‍ത്തും അവശനിലയിലായിരുന്ന രാജ് കുമാറിന് ചികിത്സ നൽകുന്നതിൽ വലിയ വീഴ്ച ജയിലധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് പ്രാധമിക നിഗമനം. ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടാം ഘട്ട മൊഴിയെടുപ്പിന് ശേഷം ജയിൽ ഡിജിപി ഋഷിരാജ് സിംഗിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാകും ജയിൽ അധികൃതര്‍ക്കെതിരായ നടപടി.
Read more:നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഇടുക്കി മജിസ്ട്രേറ്റിനെതിരെ കെമാൽ പാഷ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam