
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോൺ ചോര്‍ത്തുന്നതായി ആരോപണം. നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് അന്വേഷിക്കുന്ന ഏഴംഗ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെയും നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ഫോൺ വിളി വിശദാംശങ്ങൾ ചോര്‍ത്തുന്നതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. സൈബര്‍ സെല്ലിനെതിരെയാണ് ആരോപണം. ഫോൺചോര്‍ത്തൽ പരാതി ഉയര്‍ന്ന സാഹചര്യത്തിൽ ഇന്‍റലിജൻസ് വിഭാഗം അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ അറിയുന്നതിനാണോ ഫോൺ ചോര്‍ത്തുന്നത് എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരും ഫോൺ ചോര്‍ത്തൽ ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ഇത് ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി തുടങ്ങിയ സംശയങ്ങളും ശക്തമായിട്ടുണ്ട്. എന്തായാലും സൈബര്‍ സെൽ അറിയാതെ ഇത്തരമൊരു നീക്കം നടക്കില്ലെന്ന വിലയിരുത്തലിലാണ് സംസ്ഥാന ഇന്‍റലിജൻസ്. സൈബര്‍ സെല്ലിനെതിരെ ഇന്‍റലിജൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്നും വിവരമുണ്ട്.
പൊലീസുകാര്‍ തന്നെ പ്രതിക്കൂട്ടിലായ കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണ വിവരം പരസ്പരം പങ്കുവയ്ക്കാൻ പോലും കഴിയാത്ത ഗതികേടിലാണ് ക്രൈംബ്രാഞ്ച് സംഘം. ഇക്കാര്യത്തിൽ അതൃപ്തിയും ആശങ്കയും സംഘത്തിനുള്ളതായും സൂചനയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam