ഓപ്പറേഷന്‍ പി ഹണ്ട്; കൂടുതല്‍ അറസ്റ്റ് ഉണ്ടാവും, ഇന്‍റര്‍പോള്‍ സഹായം തേടി പൊലീസ്

By Web TeamFirst Published Jun 29, 2020, 12:38 PM IST
Highlights

വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പുറത്തു വന്നത്. 

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ അറസ്റ്റിലാകും. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങിയതായും എഡിജിപി മനോജ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തിന് ഇന്‍റര്‍പോള്‍ ഉള്‍പ്പെടെയുളള അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായവും പൊലീസ് തേടി.

വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പുറത്തു വന്നത്. വീട്ടിനുളളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അശ്ലീല സൈറ്റുകള്‍ വഴി പ്രചരിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ വില്‍പന നടത്താനും ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇടപാടുകള്‍ . കുട്ടികളെ കണ്ടെത്തുന്നതോടെ ചിത്രങ്ങള്‍ എടുക്കുന്നത് ആരാണെന്ന അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം.

നിലവില്‍ പിടിച്ചെടുത്തുളള മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിക്കുമെന്ന് എഡിജിപി അറിയിച്ചു. നിലവില്‍ 47 പേരാണ് അറസ്റ്റിലായത് 90 കേസുകളും ചുമത്തിയിട്ടുണ്ട്.
 

click me!