താമരശേരി ക്വട്ടേഷൻ സംഘം: പ്രതികൾക്കെതിരെ കൂടുതൽ പേർ രംഗത്ത്, വിശദമായ അന്വേഷണത്തിന് പൊലീസ്

Published : Dec 16, 2022, 11:15 AM IST
താമരശേരി ക്വട്ടേഷൻ സംഘം: പ്രതികൾക്കെതിരെ കൂടുതൽ പേർ രംഗത്ത്, വിശദമായ അന്വേഷണത്തിന് പൊലീസ്

Synopsis

കുവൈത്തില്‍ ഹോട്ടല്‍ വ്യവസായിയായിരുന്ന കരീമിനെ സ്വത്ത് തട്ടിയെടുക്കാനായി കൊലപ്പെടുത്തിയ കേസില്‍ മക്കളായ ഫിര്‍ദൗസും മിഥിലാജുമായിരുന്നു പ്രധാന പ്രതികള്‍

കോഴിക്കോട്: താമരശേരിയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത്. കുപ്രസിദ്ധമായ കരീം വധക്കേസിലെ പ്രതികളടക്കം ക്വട്ടേഷന്‍ സംഘത്തിലുണ്ടെന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട കരീമിന്‍റെ സഹോദരങ്ങള്‍ തന്നെ രംഗത്തെത്തി.  തോട്ടമുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതും ഇതേ സംഘമെന്നാണ് താമരശേരി പൊലീസ് നല്‍കുന്ന സൂചന.

തോട്ടമുടമകള്‍ , പെട്രോള്‍ പമ്പ് നടത്തുന്നവര്‍, കരിങ്കല്‍ ക്വാറിക്കാര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പാര്‍ട്ടിയെ മറയാക്കി പണം തട്ടുന്നുവെന്ന പ്രശ്നം താമരശേരിയില്‍ പൊതുയോഗം നടത്തി സിപിഎം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ഭീഷണിപ്പെടുത്തി  25 ലക്ഷം രൂപ ചോദിച്ചെന്ന ആരോപണവുമായി താമരശേരിയിലെ  സ്വകാര്യ എസ്റ്റേറ്റ് ഡയറക്ടര്‍ രംഗത്തെത്തിയത്. തന്നെ ഭീഷണിപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളെക്കുറിച്ചും ഇയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിരുന്നു. ഈ വ്യക്തികള്‍ കുപ്രസിദ്ധമായ കരീം വധക്കേസിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞാണ് കരീമിന്‍റെ സഹോദരങ്ങള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയത്. 

കുവൈത്തില്‍ ഹോട്ടല്‍ വ്യവസായിയായിരുന്ന കരീമിനെ സ്വത്ത് തട്ടിയെടുക്കാനായി കൊലപ്പെടുത്തിയ കേസില്‍ മക്കളായ ഫിര്‍ദൗസും മിഥിലാജുമായിരുന്നു പ്രധാന പ്രതികള്‍. 2013ലായിരുന്നു സംഭവം. മൂന്നു മാസത്തോളം വിചാരണ തടവുകാരായിരുന്ന ഇരുവരും പിന്നീട് പുറത്തിറങ്ങുകയായിരുന്നു. ഇവര്‍ തന്നെയാണ് താമരശേരിയില്‍ പലരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്നതെന്ന് കൊല്ലപ്പെട്ട കരീമിന്‍റെ സഹോദരങ്ങള്‍ ആരോപിക്കുന്നു. 

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ച് താമരശേരിയിലെ എസ്റ്റേറ്റ് ഉടമ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് അന്വേഷണം പ്രഹസനമായി മാറി. ഇതേ സംഘം തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും  പൊലീസിന്‍റെ സമീപനം സമാനമായിരുന്നെന്ന് കരീമിന്‍റെ സഹോദരങ്ങള്‍ പറയുന്നു. അതേസമയം, പ്ളാന്‍റേഷന്‍ ഉടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ കരീം വധക്കേസിലെ പ്രതികളായ ഫിര്‍ദൗസ് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ പരാതി ഉണ്ടെങ്കിലും ഇവര്‍ ഒളിവിലെന്നാണ് താമരശേരി പൊലീസ് നല്‍കുന്ന വിവരം. ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ച് സിപിഎം ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ വിപുലമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ നീക്കം. 

PREV
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ